bmw

കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച ഉണർവ് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ വൻ മുന്നേറ്റം സൃഷ്‌ടിക്കുന്നു. ഓരോ മണിക്കൂറിലും ആറ് ആഡംബര കാറുകൾ രാജ്യത്ത് വിൽപ്പന നടത്തുന്നുവെന്നാണ് കണക്കുകൾ വൃക്തമാക്കുന്നത്. അൻപത് ലക്ഷം രൂപയിലധികം വിലയുള്ള കാറുകളെയാണ് ആഡംബര കാർ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. അഞ്ച് വർഷം മുൻപ് ഇന്ത്യയിൽ മണിക്കൂറിൽ രണ്ട് കാറുകളുടെ വിൽപ്പനയാണുണ്ടായിരുന്നത്. ഓഹരി വിപണിയിലെ വൻ മുന്നേറ്റവും കമ്പനികളുടെ ലാഭത്തിലെ കുതിപ്പും ജീവനക്കാരുടെ ശമ്പളത്തിലെ വർദ്ധനയും ഇന്ത്യയ്‌ക്കാരുടെ വാങ്ങൽശേഷി ഗണ്യമായി ഉയർത്തിയെന്ന് ഡീലർമാർ പറയുന്നു. അടുത്ത വർഷവും ആഡംബര വാഹന വിപണിയിൽ വൻ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറയുന്നു. 2025ൽ ചരിത്രത്തിലാദ്യമായി 50,000 ആഡംബര വാഹനങ്ങളുടെ വിൽപ്പനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

വിപണിയിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ വാഹന നിർമ്മാതാക്കൾ 12 പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

നേതൃ സ്ഥാനത്ത് മേഴ്സിഡസ് ബെൻസ്

നടപ്പുവർഷം 20,000 ആഡംബര വാഹനങ്ങളുടെ വിൽപ്പനയുമായി മേഴ്സിഡസ് ബെൻസാണ് വിപണി ഭരിച്ചത്. നടപ്പുവർഷം ആദ്യ ഒൻപത് മാസങ്ങളിൽ മെഴ്സിഡൻസ് ബെൻസ് 14,379 കാറുകളാണ് വിറ്റഴിച്ചത്. മുൻപുള്ളതിനേക്കാൾ വലുപ്പം കൂടിയ ഇ ക്ളാസ്, ജി വാഗൻ എസ്.യു.വിയുടെ ഇലക്ട്രിക് മോഡൽ, മേഴ്സിഡൻസ് എ.എം.ജി ജി 63 എന്നിവ പുതുവർഷത്തിൽ വിപണിയിലെത്തും.

തൊട്ടുപിന്നിൽ ബി.എം.ഡബ്‌ള‌്യു ഇന്ത്യ

നടപ്പുവർഷം ആദ്യ ഒൻപത് മാസങ്ങളിൽ ബി.എം.ഡബ്‌ള‌്യു ഇന്ത്യ 10,556 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഹൈബ്രിഡൈസ്‌ഡ് 4.0 ലിറ്റർ എൻജിനുള്ള ബി.എം.ഡബ്‌ള‌്യു എം. 5 ആണ് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പുതിയ ബി.എം.ഡബ്‌ള‌്യു എം 3 യും അടുത്ത വർഷം വിപണിയിലെത്തും. നിലവിലുള്ള പ്രധാന മോഡലുകളുടെ നവീകരിച്ച മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

അഞ്ച് വർഷത്തെ ആഡംബര കാർ വിൽപ്പന

വർഷം വിൽപ്പന(യൂണിറ്റുകൾ)

2020: 20,500

-2021: 28,600

-2022: 38,000

-2023: 48,000

-2024: 50,000 (പ്രതീക്ഷിക്കുന്നത്)

-2025: 53,000–54,000(ലക്ഷ്യം)