metro-rail

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയില്‍ പദ്ധതി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ മെട്രോ റെയില്‍ അനുമതി തേടിയും കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. തിരുവനന്തപുരത്തെ മെട്രോ റെയില്‍ പദ്ധതിക്ക് ആദ്യം അനുമതി നേടിയെടുക്കാനാണ് ശ്രമം.

സംസ്ഥാനത്ത് രണ്ടാമത്തെ മെട്രോയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ തങ്ങളുടെ രണ്ടാമത്തെ മെട്രോ നിര്‍മാണം ആരംഭിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്. കേരളവുമായി വളരെ അടുത്ത് അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂര്‍ നഗരത്തിലാണ് തമിഴ്‌നാടിന്റെ രണ്ടാമത്തെ മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നീക്കം. 10,740 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിനാണ് കോയമ്പത്തൂര്‍ മെട്രോയുടെ നിര്‍മാണവും മേല്‍നോട്ട ചുമതലയും. രണ്ട് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുത്ത് അടുത്ത മൂന്ന് വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. പദ്ധതിക്കുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സി.എം.ആര്‍.എല്‍ എം.ഡി സിദ്ധീഖ് എം.എ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ 32 സ്‌റ്റേഷനുകളാണ് കോയമ്പത്തൂര്‍ മെട്രോയ്ക്കായി വിഭാവനം ചെയ്തിരിക്കുന്നത്.

കോയമ്പത്തൂര്‍ നഗരത്തിന്റെ 150 വര്‍ഷത്തെ ഭാവി കണക്കിലെടുത്ത് തയ്യാറാക്കുന്ന പദ്ധതിയാണ് മെട്രോ ട്രെയിനെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കോയമ്പത്തൂരിലെ അവിനാശി റോഡില്‍ 20.4 കിലോമീറ്ററും സത്യമംഗലം റോഡില്‍ 14.4 കിലോമീറ്ററും ദൂരത്തിലാണ് മെട്രോയുടെ അലൈന്‍മെന്റ് തയ്യാറാക്കിയിരിക്കുന്നത്. റെയില്‍പാതക്ക് വേണ്ടി 10 ഹെക്ടറും അനുബന്ധ നിര്‍മാണത്തിന് 16 ഹെക്ടറും ഭൂമി ഏറ്റെടുക്കേണ്ടി വരും.