
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എം,എൽ.എയ്ക്ക് സ്റ്റേജിൽ നിന്ന് താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസെടുക്കുന്നത്. ഇത് സംബന്ധിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാം കൊച്ചി കമ്മിഷണർക്ക് നിർദ്ദേശം നൽകി, പരിപാടി സംബന്ധിച്ച് പരിശോധിക്കുമെന്ന് കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു. അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഉമാതോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വൈകാതെ കൊച്ചിയിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം ഉമാ തോമസ് എം.എൽ.എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജും അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കൽ കോളേജിലേയും എറണാകുളം മെഡിക്കൽ കോളേജിലേയും വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എത്തുന്നത്. ആശുപത്രിയിലെ മെഡിക്ക. ബോർഡിന് പുറമേയാണിത്. ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടർമാരുമായും മന്ത്രി സംസാരിച്ചു.
നിലവിൽ ഉമാതോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു. തലച്ചോറിലും മുറിവേറ്റെന്നും നട്ടെല്ലിന് പരിക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. ബോധം, പ്രതികരണം, ഓർമ്മ എന്നിവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു,