kerala


ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്ത് നാരായണന്‍ എന്ന് സാഹിത്യകാരന്‍ ജി. ആര്‍. ഇന്ദുഗോപന്‍ പറഞ്ഞു. പ്രമുഖ നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണന്റെ ഒന്നാം ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി. ആര്‍. ഇന്ദുഗോപന്‍. സാംസ്‌കാരികലോകത്തിന് വലിയ നഷ്ടമാണ് പ്രശാന്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ എം രാജീവ് കുമാര്‍ അധ്യക്ഷനായി. നാടകകൃത്തും സംവിധായകനുമായ പി. ജെ. ഉണ്ണിക്കൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തി. കളം തിയറ്റര്‍ ആന്‍ഡ് റപ്രട്ടറി മാനേജിങ് ഡയറക്ടറും പ്രശാന്തിന്റെ പങ്കാളിയുമായ കല സാവിത്രി, പ്രശാന്തിന്റെ സുഹൃത്തുക്കളും കലാസാഹിത്യപ്രവര്‍ത്തകരുമായ ശശി സിതാര, ജയചന്ദ്രന്‍ കടമ്പനാട്, അലക്‌സ് വള്ളികുന്നം, ശ്രീകാന്ത് കാമിയോ, സുധി ദേവയാനി, രതീഷ് രവീന്ദ്രന്‍ എന്നിവര്‍ പ്രശാന്തിന്റെ സ്മരണകള്‍ പങ്കുവച്ചു.

കളം പീരിയോഡിക്കല്‍സ് ഡയറക്ടര്‍ സിനോവ് സത്യന്‍ സ്വാഗതവും കളം തിയറ്റര്‍ ഡയറക്ടര്‍ നിതിന്‍ മാധവ് നന്ദിയും പറഞ്ഞു. കളം തിയറ്റര്‍ ആന്‍ഡ് റപ്രട്ടറിയുടെ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഛായാമുഖി' മലയാളനാടകവേദിയില്‍ ഏറെ ശ്രദ്ധ നേടിയ നാടകമാണ്.

എം.ടി.യുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി പ്രശാന്ത് ചെയ്ത 'മഹാസാഗരം' ദേശീയ-അന്തര്‍ദേശീയ മേളകളിലുള്‍പ്പെടെ നിരവധി അരങ്ങുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഛായാമുഖി, വജ്രമുഖന്‍, മകരധ്വജന്‍, കറ എന്നിവയുള്‍പ്പെടെ മുപ്പതു നാടകങ്ങളുടെ രചനയും അറുപതോളം നാടകങ്ങളുടെ സംവിധാനവും പ്രശാന്ത് നിര്‍വഹിച്ചിട്ടുണ്ട്.