uma-

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഗാലറിയിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലുള്ള തൃക്കാക്കര എ.എൽ.എ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രക്തസമ്മർദ്ദം സാധാരണ നിലയിലായെന്ന് എം.എൽ.എ ചികിത്സയിലുള്ള റെനൈ മെഡിസിറ്റി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും വെന്റിലേറ്റർ സഹായം തുടരുകയാണെന്നും ബുള്ളറ്റിനിൽ പറയുന്നു.

അസ്ഥികൾക്ക് ഗുരുതരമായ ഒടിവില്ല. മുറിവുകൾക്ക് തുന്നലുകൾ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയാൻ സാധിക്കുകയുള്ളുവെന്ന്മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ചികിത്സ നിശ്ചയിക്കുമെന്ന് റിനൈ മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, ന്യൂറോ സർജൻ ഡോ. മിഷേൽ ജോബി, ഓർത്തോപീഡിക് സർജൻ ഡോ. ബാബു ജോസഫ് എന്നിവർ അറിയിച്ചു.

ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ അണിനിരക്കുന്ന ഭരതനാട്യമായിരുന്നു പരിപാടി. വയനാട്ടിലെ മൃദംഗ വിഷൻ മാഗസീനായിരുന്നു സംഘാടകർ വൈകിട്ട് 6.30ന് ഉദ്ഘാടന വേദിയിൽ നിന്നാണ് ഉമ വീണത്. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്റെയും മറ്റും കൺമുന്നിലാണ് അപകടം സംഭവിച്ചത്. രക്തത്തിൽ മുങ്ങിയ ഉമയെ സ്റ്റേഡിയത്തിലെ ആംബുലൻസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു