
ആലപ്പുഴ: വേമ്പനാട്ടുകായലിലെ മത്സ്യത്തിനും ആറ്റുകൊഞ്ചിനും ഭാരവും രുചിയും കുറഞ്ഞതിന്റെ കാരണം കണ്ടെത്താനൊരുങ്ങി ഫിഷറീസ് വകുപ്പ്.
ഇതിനായി ഒരുകോടി രൂപയുടെ പഠന പദ്ധതിയാണ് അണിയറയില്‍ തയ്യാറാകുന്നത്. മൂന്ന് വര്‍ഷത്തോളം നിരീക്ഷണവും പഠനവും ഇതിനായി വേണ്ടി വരും.എന്നാല്‍ ഇതിന് പണം അനുവദിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കഴിഞ്ഞ സെപ്തംബറില്‍ വേമ്പനാട്ട് കായലിലെ 25 കേന്ദ്രങ്ങളില്‍ എ ട്രീ ഏജന്‍സി നടത്തിയ പഠനത്തിലാണ് മത്സ്യത്തിന്റെ ഭാരവും രുചിയും കുറഞ്ഞത് കണ്ടെത്തിയത്. വേമ്പനാട്ടുകായലിലെ രാസമലിനീകരണമാണ് പ്രശ്‌നത്തിന് കാരണമെന്നും കണ്ടെത്തിയിരുന്നു.
കായല്‍ മലിനീകരണം തിരിച്ചടി
ഫിഷറീസ് സര്‍വകലാശാലയിലെ ഡീന്‍ പ്രൊഫ. സജീവന്‍, ഡോ. ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 120 അംഗ സംഘമാണ് പഠനം നടത്തിയത്
700മുതല്‍ 900ഗ്രാംവരെ ഭാരമുണ്ടായിരുന്ന കൊഞ്ചിന് ഇപ്പോള്‍ 350ഗ്രാം തൂക്കമാണെന്നാണ് പഠനം സംഘത്തിന്റെ കണ്ടെത്തല്‍
മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായ പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗം മത്സ്യസമ്പത്തും രുചിയും കുറയാന്‍ കാരണമായി
ഹൗസ് ബോട്ടുകളിലേയും റിസോര്‍ട്ടുകളിലേയും പുറന്തള്ളുന്ന മാലിന്യങ്ങളും മത്സ്യസമ്പത്തിന് ഭീഷണിയാണ്
സംസ്ഥാനത്ത് കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. ഇവിടത്തെ മത്സ്യങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ട്
300ല്‍ അധികം ഇനത്തില്‍പെട്ട മത്സ്യങ്ങള്‍ ഉണ്ടായിരുന്ന വേമ്പനാട്ട് കായലില്‍ ഇപ്പോള്‍ പകുതി പോലുമില്ല.