
വെഞ്ഞാറമൂട്: വിൽക്കാനുള്ളതിനൊന്നും വിലയില്ല എന്നാൽ വാങ്ങാൻ ഉള്ളതിനോ തീ വിലയും. ഈ അവസ്ഥയിൽ സാധാരണക്കാരൻ പൊറുതിമുട്ടിയിരിക്കുകയാണ്. റബ്ബർ, അടയ്ക്ക, വെറ്റ എന്നിവ മാർക്കറ്റിൽ എത്തിച്ചാൽ ജോലി കൂലി പോലും ലഭിക്കുന്നില്ല. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പച്ചക്കറി വില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ ജില്ലയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇവിടങ്ങളിലെ പ്രതികൂല കാലാവസ്ഥയും പച്ചക്കറി ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്. പച്ചക്കറി വരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില ഇരട്ടിയായി.തുടർച്ചയായി പെയ്ത മഴയിൽ നാടൻ പച്ചക്കറികളും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. ക്രിസ്മസ് നോമ്പുകാലവും ശബരിമല സീസണുമായതിനാൽ പച്ചക്കറിക്കായിരുന്നു ഡിമാൻഡ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 70രൂപ വരെയാണ് മൊത്തവില. ഇത് കച്ചവടക്കാർ 80 മുതൽ 85 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ഏത്തക്കുലയ്ക്ക് പുറമേ മറ്റ് കുലകൾക്കും വില കൂടിയിട്ടുണ്ട്. റോബസ്റ്റ് കിലോയ്ക്ക് 35 മുതൽ 40 വരെയും ഞാലിപ്പൂവന് 55 മുതൽ 65 രൂപ വരെയും വിലയുണ്ട്.
നാടൻ പയറും വിപണിയിൽ നിന്നും അപ്രത്യക്ഷമായി. വെളുത്തുള്ളിയ്ക്ക് 400, മുരിങ്ങയ്ക്ക് 260-300 രൂപയുമാണ് വില. തേങ്ങയ്ക്ക് 70 രൂപയും. സവാളയ്ക്ക് 50 രൂപയുമാണ്. പച്ചക്കപ്പ വിലയും30 - 40 രൂപ. നാടൻ പാവയ്ക്കയും പയറും 100 രൂപയ്ക്കാണ് പലയിടങ്ങളിലും വിൽക്കുന്നത്. കൂർക്കയ്ക്കും 100 രൂപയാണ് വില. 15 രൂപയിൽ വിറ്റിരുന്ന കറിക്കായക്ക് 40 ആയി. ബീൻസിന് 120.
വില
ക്യാരറ്റ് 50
മുളക് : 70
ഉള്ളി : 80
ചേന, ചേമ്പ് : 80
കോളിഫ്ലവർ : 60
കോവയ്ക്ക : 50
വെണ്ടയ്ക്ക:60
തക്കാളി : 60
ക്യാബേജ്, പടവലം : 60
കത്രിക്ക : 30
വെള്ളരിക്ക : 40
പച്ചതക്കാളി : 40
കർഷകർക്ക് ആശ്വാസം
ഏത്തവാഴക്കുലയുടെ വില ഉയർന്നത് കർഷകർക്ക് ആശ്വാസമായി. മാസങ്ങൾക്കു മുമ്പ് നാടൻ കുലയ്ക്ക് കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 70 മുതൽ 80 രൂപ വരെ ലഭിക്കുന്നുണ്ട്. നാടൻ ഏത്തക്കുലയ്ക്ക് 100 രൂപ വരെ വാങ്ങുന്ന സ്ഥലവും ഉണ്ട്.
വില ഉയർന്നെങ്കിലും വിളവ് വേണ്ടത്രയില്ല.
പൊതുവേ 15 കിലോയ്ക്ക് മുകളിൽ വരെ തൂക്കം ഏത്തവാഴക്കുലയ്ക്ക് ഉണ്ടാകാറുണ്ട്. പക്ഷേ ഇപ്പോൾ വിളവെടുക്കുന്നതിൽ പലതും ചെറിയ കുലകളാണ് പലതിനും 6 മുതൽ 12 കിലോവരെയേ ശരാശരി തൂക്കമുള്ളു. ഇടയ്ക്കിടെയുള്ള മഴയും കാറ്റും കൃഷി നശിക്കാൻ കാരണമാകുന്നു.