bgt

മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്‌റ്റിലെ അഞ്ചാം ദിനം ആദ്യം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്‌ട്രേലിയയെ 234 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 340 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയെങ്കിലും തുടക്കത്തിലേ തകരുന്ന കാഴ്‌ചയാണ് കാണുന്നത്. ലഞ്ചിന് തൊട്ടുമുൻപ് കൊഹ്‌ലിയും (5) പുറത്തായതോടെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌‌‌ടത്തിൽ 33 റൺസ് എന്ന ദയനീയ സ്ഥിതിയിലാണ്.

പതിവ് ഫോമിലേക്ക് ഉയരാത്ത നായകൻ രോഹിത്ത് ശർമ്മ (9), രാഹുൽ (0) എന്നിവരാണ് ആദ്യമേ പുറത്തായത്. 14 റൺസുമായി യുവതാരം യശസ്വി ജയ്‌സ്വാൾ തുടരുന്നുണ്ട്. രാഹുലിനെയും രോഹിത്തിനെയും കമ്മിൻസ് പുറത്താക്കിയപ്പോൾ കൊഹ്‌ലിയെ സ്റ്റാർക്ക് ആണ് പുറത്താക്കിയത്. നേരത്തെ ഒൻപത് വിക്കറ്റിന് 228 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഓസ്‌ട്രേലിയയെ ആറ് റൺസ് കൂടിയേ ഇന്ത്യ കൂട്ടിച്ചേർക്കാൻ അനുവദിച്ചുള്ളൂ. നഥാൻ ലിയോണിനെ (41) ബുംറ ബൗൾഡാക്കുകയായിരുന്നു.

ഇന്നലെ 358/9 എന്ന സ്‌കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യ 11 റൺസ് കൂടി നേടുന്നതിനിടയിൽ ഓൾഔട്ടായി. തലേന്ന് 105 റൺസുമായി നിന്ന നിതീഷ് കുമാർ റെഡ്ഡിയെ 114 റൺസിൽ സ്റ്റാർക്കിന്റെ കയ്യിലെത്തിച്ച് നഥാൻ ലിയോണാണ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടത്. തുടർന്ന് 105 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിന്റെ ആറുവിക്കറ്റുകൾ 91 റൺസിനിടെ പിഴുതെറിഞ്ഞ് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു.

എന്നാൽ 70 റൺസുമായി പിടിച്ചുനിന്ന ലാബുഷേയ്നും 41 റൺസ് നേടിയ പാറ്റ് കമ്മിൻസും ചേർന്ന് 173/9 എന്ന നിലയിലെത്തിച്ചു. അവസാന വിക്കറ്റിൽ ഒരുമിച്ച നഥാൻ ലിയോണും(41*) സ്‌കോട്ട് ബോളാണ്ടും ചേർന്നാണ് ആൾഔട്ടാകാതെ ഓസീസ് സ്‌കോർ ഇന്നലെ 228ലെത്തിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ചേർന്നാണ് ഓസീസിനെ തകർത്തത്.