jimmy-carter

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു.100 വയസായിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും ഏറ്റവുമധികം പ്രായമുള്ള മുൻ അമേരിക്കൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. 1977 മുതൽ 1981 വരെയായിരുന്നു കാർട്ടർ പ്രസിഡന്റായത്. അമേരിക്കയുടെ 39-ാമത് പ്രസിഡന്റായിരുന്നു അദ്ദേഹം.

അമേരിക്കൻ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ വാട്ടർഗേറ്റ് അഴിമതി ആരോപണം, വിയറ്റ്‌നാം യുദ്ധം എന്നിവയ്‌ക്ക് പിന്നാലെയാണ് കാർട്ടർ പ്രസിഡന്റായത്. ജോർജിയയിലെ പ്ളെയിൻ‌സ് ടൗണിൽ ഞായറാഴ്‌ച ഉച്ചതിരിഞ്ഞായിരുന്നു ജിമ്മി കാർട്ടറുടെ അന്ത്യമെന്ന് അദ്ദേഹം സ്ഥാപിച്ച സംഘടനയായ ദി കാർട്ടർ സെന്റർ അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തെത്തും മുൻപ് ഒരു നിലക്കടല കർഷകൻ കൂടിയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളെല്ലാം സമീപത്ത് തന്നെയുള്ളപ്പോഴാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

അസാമാന്യനായ നേതാവിനെയും മനുഷ്യ സ്‌നേഹിയെയും രാഷ്‌ട്രതന്ത്രജ്ഞനെയുമാണ് നഷ്‌ടമായതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 2002ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. കാൻസർ രോഗം ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച അദ്ദേഹത്തിന് കരളിലേക്കും തലച്ചോറിലേക്കും പടരുന്ന മെലനോമ അടക്കം ആരോഗ്യപ്രശ്‌നം വന്നിരുന്നു.

ജെറാൾഡ് ഫോർഡിനെ തോൽപ്പിച്ചാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ കാർട്ടർ പ്രസിഡന്റ് പദവിയിൽ എത്തിയത്. എന്നാൽ 1981ൽ റൊണാൾഡ് റീഗനോട് പരാജയപ്പെട്ടു.