
കാബൂൾ: സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ കാണുന്ന വിധത്തിൽ കെട്ടിടങ്ങളിൽ ജനാലകൾ നിർമിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ. നിലവിലുളള നിർമാണങ്ങൾ തടയണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന കഴിഞ്ഞ ദിവസം താലിബാൻ സർക്കാർ പുറത്തിറക്കിയിരുന്നു. മുറ്റം, അടുക്കള, കിണർ തുടങ്ങി സ്ത്രീകൾ സാധാരണയായി ഉപയോഗിക്കാറുളള സ്ഥലങ്ങൾ കാണാൻ കഴിയുന്ന ജനാലകൾ പുതിയ കെട്ടിടങ്ങളിൽ ഉണ്ടാകരുതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
സ്ത്രീകൾ അടുക്കളയിലും വീടുകളുടെ മുൻവശത്ത് ജോലി ചെയ്യുന്നതും കിണറുകളിൽ വെളളം ശേഖരിക്കുന്നതും കാണുന്നത് അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്ന് സർക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് എക്സിൽ പോസ്റ്റ് ചെയ്ത ഉത്തരവിൽ പറയുന്നത്. മുനിസിപ്പൽ അധികാരികളും മറ്റുളള ഉദ്യോഗസ്ഥരും അയൽവാസികളുടെ വീടുകൾ കാണുന്നത് സാദ്ധ്യമല്ലെന്ന് ഉറപ്പാക്കാൻ കെട്ടിട നിർമാണ സ്ഥലങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ഇത്തരം ജനാലകൾ നിലവിലുണ്ടെങ്കിൽ, അയൽവാസികൾക്ക് ഉണ്ടാകുന്ന ശല്യങ്ങൾ ഒഴിവാക്കാൻ ഒരു മതിൽ പണിയുന്നതിന് ഉടമകളെ പ്രോത്സാഹിപ്പിക്കുമെന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ സർക്കാർ അധികാരത്തിലെത്തിയതോടെ, പൊതുസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന തരത്തിലുളള നിരവധി പ്രവർത്തനങ്ങളും നടന്നിരുന്നു. ഈ ലിംഗവിവേചനത്തെ ഐക്യരാഷ്ട്ര സഭ അപലപിക്കുകയും ചെയ്തു. താലിബാനിലെ പെൺകുട്ടികൾക്ക് പോസ്റ്റ് പ്രൈമറി വിദ്യാഭ്യാസവും നിരോധിക്കുകയും തൊഴിൽലഭ്യത പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റുളള പൊതുസ്ഥലങ്ങളിലേക്കും പ്രവേശനം തടയുകയും ചെയ്തു.
സ്ത്രീകൾ പൊതുസ്ഥലത്ത് പാടുകയോ കവിതകൾ വായിക്കുകയോ ചെയ്യുന്നത് പോലും താലിബാൻ സർക്കാരിന്റെ ഇസ്ലാലിമിക നിയമത്തിൽ കർശനമായി വിലക്കിയിരുന്നു. ഇതോടെ വീടിന് പുറത്ത് ശബ്ദം ഉയർത്താനോ മുഖം കാണിക്കാനോ കഴിയാത്ത അവസ്ഥയായി. താലിബാനിലെ ചില പ്രാദേശിക റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകളും സ്ത്രീ ശബ്ദങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി. അതേസമയം, അഫ്ഗാൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങൾ ഇസ്ലാമിക നിയമം ഉറപ്പാക്കുന്നു എന്നാണ് താലിബാൻ ഭരണകൂടം അവകാശപ്പെടുന്നത്.