
സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇന്ന് പശ്ചിമ ബംഗാളിനെ നേരിടും
7.30 pm മുതൽ
ഹൈദരാബാദ് : എട്ടാം സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് കരുത്തരായ പശ്ചിമ ബംഗാളിനെതിരെ കലാശക്കളിക്കിറങ്ങുന്നു. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴരയ്ക്കാണ് ഫൈനലിന് കിക്കോഫ്. ഒരു മത്സരത്തിൽപോലും തോൽക്കാതെയാണ് കേരളവും പശ്ചിമബംഗാളും ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയിൽ പശ്ചിമബംഗാൾ രണ്ടിനെതിരെ നാലുഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ സർവീസസിനെ മറികടന്നാണ് ഫൈനൽ ബർത്ത് സ്വന്തമാക്കിയത്.രണ്ടാം സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തകർത്തെറിയുകയായിരുന്നു കേരളം. ഹാട്രിക് നേടിയ പി.പി മുഹമ്മദ് റോഷൽ, ഓരോഗോളടിച്ച നസീബ് റഹ്മാൻ,മുഹമ്മദ് അജ്സൽ എന്നിവരാണ് കേരളത്തിന് ജയം സമ്മാനിച്ചത്.
ഗ്രൂപ്പ് ബിയിൽ ഗോവ,മേഘാലയ,ഒഡിഷ,ഡൽഹി ടീമുകൾക്ക് എതിരെ വിജയിച്ച കേരളം തമിഴ്നാടുമായി 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. ക്വാർട്ടറിൽ ജമ്മുകാശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. സെമിവരെ 17 ഗോളുകൾ നേടിയ കേരളം അഞ്ചുഗോളുകൾ മാത്രമാണ് വഴങ്ങിയത്. എട്ടുഗോളുകൾ നേടിയ നസീബ് റഹ്മാനും ഏഴുഗോളുകൾ നേടിയ മുഹമ്മദ് അജ്സലുമാണ് കേരളത്തിന്റെ തുറുപ്പുചീട്ടുകൾ. സഞ്ജു, നിജോ ഗിൽബർട്ട്, ഗോളി ഹജ്മൽ തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണെന്നതാണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് നിറം പകരുന്നത്. സെമിയിൽ പകരക്കാരനായിറങ്ങി ഹാട്രിക് നേടിയ റോഷലിന്റെ ഫോം ആവേശം പകരും.
ഗ്രൂപ്പ് എയിൽ നാലുവിജയങ്ങളും ഒരുസമനിലയും നേടിയ പശ്ചിമബംഗാൾ ക്വാർട്ടറിൽ ഒഡിഷയെ 3-1നാണ് കീഴടക്കിയിരുന്നത്. ഇതുവരെ 11 ഗോളുകൾ നേടിക്കഴിഞ്ഞ റോബി ഹൻസ്ദയാണ് ബംഗാളിന്റെ തുറുപ്പുചീട്ട്. സർവീസസിന് എതിരായ സെമിയിൽ ഹൻസ്ദ ഇരട്ട ഗോളുകൾ നേടിയിരുന്നു.മൻതോസ് മാജി, നരോഹരി ശ്രേഷ്ഠ തുടങ്ങിയവരും ബംഗാൾ നിരയിലെ ഭീഷണികളാണ്. സെമിയിൽ മണിപ്പൂരിനെതിരെ പുറത്തെടുത്ത ആക്രമണവീര്യം നിലനിറുത്താനായാൽ കേരളത്തിന് കപ്പുയർത്താം.
ഫൈനലിലേക്കുള്ള വഴി
കേരളം
1. ആദ്യ മത്സരത്തിൽ ഗോവയ്ക്കെതിരെ 4-3ന് ജയം
2. രണ്ടാം മത്സരത്തിൽ 1-0ത്തിന് മേഘാലയയെ വീഴ്ത്തി.
3. ഒഡിഷയെ തുരത്തിയത് മറുപടിയില്ലാത്ത രണ്ടു ഗോളിന്
4. ഡൽഹിക്കെതിരെ എതിരില്ലാത്ത മൂന്നുഗോൾ ജയം
5. തമിഴ്നാടുമായി 1-1ന് സമനില
6. ക്വാർട്ടറിൽ ജമ്മുകാശ്മീരിനെ കീഴടക്കിയത് 1-0ത്തിന്
7. സെമിയിൽ 5-1ന് മണിപ്പൂരിനെ മറികടന്നു
പശ്ചിമബംഗാൾ
1. ആദ്യ മത്സരത്തിൽ ജമ്മുകാശ്മീരിനെ 3-1ന് തോൽപ്പിച്ചു
2. തെലങ്കാനയ്ക്ക് എതിരെ വിജയം 3-0ത്തിന്
3.രാജസ്ഥാനെ കീഴടക്കിയത് 2-0ത്തിന്
4.മണിപ്പൂരുമായി ഗോൾരഹിത സമനില
5. സർവീസസിനെ 1-0ത്തിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻസായി
6. ക്വാർട്ടറിൽ ഒഡിഷയെ 3-1ന് മറികടന്നു
7.സെമിയിൽ സർവീസസിനെ 4-2ന് മറികടന്നു.
16
ഇത് 16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്.
7
തവണ കേരളം സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്.
32
തവണ കിരീടം നേടിയവരാണ് ബംഗാൾ.
47-ാമത്തെ തവണയാണ് ബംഗാൾ ഫൈനൽ കളിക്കുന്നത്.കേരളത്തിന്റെ 16-ാം ഫൈനൽ.
കേരളത്തിന് ഇന്ന് കിരീടം നേടാനായാൽ ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി നേടിയ രണ്ടാമത്തെ ടീമെന്ന പഞ്ചാബിന്റെ(8) റെക്കാഡിന് ഒപ്പമെത്താനാകും.
കേരളവും ബംഗാളും തമ്മിൽ
ഇത് അഞ്ചാം തവണയാണ് കേരളവും ബംഗാളും തമ്മിൽ സന്തോഷ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുന്നത്.
1988-89 സീസണിൽ ഗോഹട്ടിയിൽ നടന്ന ഫൈനലിൽ ബംഗാൾ ഷൂട്ടൗട്ടിൽ കേരളത്തെ തോൽപ്പിച്ചു.
1993-94 സീസണിൽ കട്ടക്കിൽ നടന്ന ഫൈനലിൽ ബംഗാൾ ജയിച്ചതും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു.
2017-18 സീസണിൽ കൊൽക്കത്തയിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചത് കേരളം
2021-22 സീസണിൽ മഞ്ചേരിയിൽ വച്ച് മറ്റൊരു പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന്റെ വിജയം.
സന്തോഷ് ട്രോഫി ഫൈനലിൽ കേരളവും പശ്ചിമബംഗാളും ഏറ്റുമുട്ടിയ നാലുതവണയും വിജയികളെ കണ്ടെത്താൻ
പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നിരുന്നു. ഹൈദരാബാദിലും ഷൂട്ടൗട്ട് ചരിത്രം ആവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.