lizard

പല്ലി ശല്യമില്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. അടുക്കളയിലും ഹാളിലും കിടപ്പുമുറിയിലുമെന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും വരെ ഇവ എത്തുന്നു. വീട് എത്ര വൃത്തിയാക്കിയിട്ടാലും പല്ലി വീണ്ടുമെത്തുന്നുവെന്ന് പരാതി പറയുന്നവരും ഏറെയാണ്.

ഒറ്റനോട്ടത്തിൽ നിരുപദ്രവകാരിയെന്ന് തോന്നാമെങ്കിലും ഇവ ഭക്ഷണത്തിലോ മറ്റോ വീഴാനിടയായാൽ ആരോഗ്യ പ്രശ്നങ്ങൾ പിന്നാലെ വരും. അതിനാൽത്തന്നെ പല്ലിയെ വീട്ടിൽ നിന്ന് അകറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പല്ലികളെയും പാറ്റകളെയുമൊക്കെ തുരത്താൻ പല കെമിക്കൽ സാധനങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ കൊച്ചുകുട്ടികളും മറ്റുമുള്ള വീടുകളിൽ ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. മാത്രമല്ല ഇതൊക്കെ വാങ്ങാൻ ഒരുപാട് കാശ് മുടക്കേണ്ടിവരികയും ചെയ്യും.

വലിയ ചെലവില്ലാതെ പ്രകൃതിദത്തമായ രീതിയിൽ പല്ലിയെ അകറ്റാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. വിനാഗിരിയും നാരങ്ങയും ഉപയോഗിച്ച് പല്ലിയെ തുരത്താൻ സാധിക്കും. ഇവ യോജിപ്പിച്ച് ഒരു സ്‌പ്രേ ബോട്ടിലിലാക്കുക. ശേഷം ഈ മിശ്രിതം പല്ലിയെ കൂടുതലായി കാണുന്നയിടങ്ങളിൽ തളിച്ചുകൊടുക്കാം.

പക്ഷികളുടെ തൂവലുകൾ പല്ലിയെ കൂടുതലായി കാണുന്നയിടങ്ങളിൽ വച്ചുകൊടുക്കാം. പല്ലികളെ വേട്ടയാടുന്നവയാണ് പക്ഷികൾ. അതിനാൽത്തന്നെ പല്ലിക്ക് പക്ഷികളെ പേടിയാണ്. ഇവയുടെ തൂവൽ മുറികളിൽ സൂക്ഷിക്കുമ്പോൾ അവയെ ഒരു പരിധി വരെ അകറ്റാം.

കാപ്പിപ്പൊടിയും പുകയിലപ്പൊടിയും ഉപയോഗിച്ചും പല്ലിയെ തുരത്താം. കാപ്പിയുടെ മണം പല്ലിക്ക് അസഹനീയമാണ്. അതിനാൽത്തന്നെ കുറച്ച് കാപ്പിപ്പൊടിയും പുകയിലപ്പൊടിയുമെടുക്കുക. ഇവ ഉരുളകളാക്കി പല്ലി ശല്യമുള്ളയിടങ്ങളിൽ വച്ചുകൊടുക്കാം. ഇതുവഴി ഇവയുടെ ശല്യം കുറയ്ക്കാം. അതേസമയം, ഈ ഉരുള കുട്ടികൾ എടുക്കുന്നയിടങ്ങളിൽ വയ്ക്കരുത്. പുകയില അവർക്ക് ദോഷം ചെയ്യും.