
ഓരോ വ്യക്തിക്കും പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കൊവിഡ് കാലം കടന്നുപോയത്. ചിലർക്കത് കയ്‌പ്പേറിയ അനുഭവമാണെങ്കിൽ മറ്റുചിലർക്കത് ജീവിത വിജയത്തിന്റേതാണ്. ഇനി എന്തെന്നറിയാതെ പകച്ചുപോയ കാലം. പാചക പരീക്ഷണങ്ങൾ നടത്തിയും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടും പലരും മുന്നോട്ടുപോയി. ഇക്കൂട്ടത്തിൽ പുതിയൊരു തീരുമാനമെടുത്ത 17കാരനുണ്ടായിരുന്നു. പേര് ആകാശ് അഖിലേഷ്.
പ്രകൃതിയോടിണങ്ങിയുള്ള ബിസിനസ് എന്ന ആശയമായിരുന്നു ആകാശിന്റെ മനസിൽ. കൊവിഡ് കാലത്ത് മറ്റൊന്നും ചെയ്യാനില്ലായിരുന്നപ്പോൾ തുടങ്ങിയ ഈ ബിസിനസ് ആകാശിന് ഇന്ന് നേടിക്കൊടുത്തത് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡാണ്. അറിയാം ആകാശിന്റെ വിജയഗാഥ.
അപ്രതീക്ഷിതമായി ബിസിനസിലേക്ക്
പത്തനംതിട്ട പന്തളം സ്വദേശിയാണ് 21കാരനായ ആകാശ് അഖിലേഷ്. കിടങ്ങന്നൂർ എസ്‌വിജിവി ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കൊവിഡും അതുമായി ബന്ധപ്പെട്ട ലോക്‌ഡൗണും വരുന്നത്. എല്ലാവരെയും പോലെ ഈ സമയത്ത് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ആകാശും. അന്നാണ് ബാംബൂ ബ്രഷ് എന്ന ആശയം മനസിലേക്ക് വരുന്നത്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സുപരിചിതമാണെങ്കിലും മുള ഉപയോഗിച്ചുള്ള ടൂത്ത് ബ്രഷ് അന്ന് കേരളത്തിൽ അറിവില്ലാത്ത കാര്യമായിരുന്നു.

സമൂഹത്തിന് ഉപകാരപ്പെടുന്നതും അവരിലേക്ക് ഒരു സന്ദേശം എത്തിക്കാൻ സാധിക്കുന്നതുമായ സംരംഭമായിരുന്നു ആദ്യമേ ആകാശിന്റെ മനസിലേക്ക് ഓടിയെത്തിയത്. ഇതോടെ മാതാപിതാക്കൾ നൽകിയ 5000 രൂപ വാങ്ങി നിർമാണ സാധനങ്ങൾ വാങ്ങിച്ചു. ബാംബൂ ടൂത്ത് ബ്രഷ് നിർമിച്ച് 'ഗ്രീൻലവർസ്റ്റോർ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഓൺലൈനായിട്ടായിരുന്നു വിൽപ്പന നടത്തിയത്. ആദ്യമൊക്കെ ബ്രഷ് ഉപയോഗിക്കാനൊക്കെ ആളുകൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പിന്നീട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വഴിയാണ് നിരവധിപേരിലേക്ക് ഇതെത്തിക്കാൻ സാധിച്ചതെന്ന് ആകാശ് പറയുന്നു.
വില 750 വരെ
രണ്ട് വർഷം പിന്നിട്ടപ്പോൾ തന്നെ പുതിയ പ്രോഡക്‌ടുകൾ നിർമിക്കാൻ തുടങ്ങി. മുള ഉപയോഗിച്ച് നിർമിച്ച ബോട്ടിലുകൾ, കപ്പുകൾ, നോട്ട്‌ബുക്ക്, ബഡ്‌സ്. കൂടാതെ റീ സൈക്കിൾഡ് പേപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ സീഡ് പെൻസിൽ, വേപ്പിന്റെ തടികൊണ്ടുണ്ടാക്കിയ ചീപ്പ്, ചിരട്ട ഉപയോഗിച്ചുള്ള വസ്‌തുക്കൾ എന്നിങ്ങനെ 11 പ്രോഡക്‌ടുകളാണുള്ളത്. നിലവിൽ കേരളത്തിലെ ആദ്യത്തെ ഇക്കോ ഫ്രണ്ട്‌ലി ബ്രാൻഡായി മാറിയിരിക്കുകയാണ് 'ഗ്രീൻലവർസ്റ്റോർ'.
നിലവിൽ ഗുജറാത്തിലെ പാരലൽ യൂണിവേഴ്‌സിറ്റിയിൽ ബിഎസ്‌സി അഗ്രിക്കൾച്ചർ പഠിക്കുന്ന ആകാശിന്റെ ബിസിനസ് നോക്കിനടത്തുന്നത് കുടുംബമാണ്. അമ്മ ബിജിയും, പ്രവാസിയായ അച്ഛൻ അഖിലേഷും, ആറാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ ആഷിഖും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്. പഠനവും ബിസിനസും ഒന്നിച്ചുകൊണ്ടുപോകാൻ ആദ്യം കുറച്ച് പ്രയാസമായിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം ഓക്കെയായെന്നും ആകാശ് പറഞ്ഞു.
ഗ്രീൻലവർസ്റ്റോർ എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയും വെബ്‌സൈറ്റ് വഴിയുമാണ് ഉൽപ്പന്നങ്ങളുടെ വിൽപ്പന. 12 രൂപ മുതൽ 750 രൂപ വരെയാണ് ഉൽപ്പന്നങ്ങളുടെ വില.

21-ാം വയസിൽ ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്
ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്‌സിലും ആകാശ് ഇടം നേടിയത്. സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്ന യുവ സംരംഭകൻ എന്ന നിലയിൽ ആണ് ആകാശിന് റെക്കോഡ് ലഭിച്ചത്.
അടുത്ത കുറച്ച് വർഷത്തിനുള്ളിൽ തന്നെ രാജ്യം മുഴുവൻ അറിയപ്പെടുന്ന മുൻനിര ബ്രാൻഡാക്കി ഗ്രീൻലവർ സ്റ്റോറിനെ മാറ്റണമെന്നാണ് ആകാശിന്റെ ആഗ്രഹം. ബിസിനസിനോട് താൽപ്പര്യമുള്ളവർ മാത്രം അതിലേക്ക് വരിക. നല്ല വശം മാത്രമല്ല. പല തരത്തിലുള്ള മോശം വശങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. അത്രയും ഇഷ്‌ടമുണ്ടെങ്കിൽ മാത്രമേ എല്ലാ അവസ്ഥയിലൂടെയും കടന്നുപോയി വിജയം കൈവരിക്കാൻ സാധിക്കുകയുള്ളു എന്നാണ് ആകാശിന് യുവാക്കളോട് പറയാനുള്ളത്.