football

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ തുടർതോൽവികളിൽ വലഞ്ഞ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വർഷാന്ത്യത്തിൽ ആശ്വാസജയം. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.കഴിഞ്ഞ 14 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. 21-ാം മിനിട്ടിൽ സാവീഞ്ഞോയും 74-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡും നേടിയ ഗോളുകൾക്കാണ് സിറ്റിയുടെ ജയം. 19 മത്സരങ്ങളിൽ നിന്ന് 31 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

അതേസമയം കഴിഞ്ഞമത്സരത്തിൽ വെസ്റ്റ്ഹാമിനെ 5-0ത്തിന് തോൽപ്പിച്ച ലിവർപൂൾ എട്ടുപോയിന്റ് ലീഡിൽ പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലൂയിസ് ഡയസ്,കോഡി ഗാപ്കോ,മുഹമ്മദ് സല,അലക്സാണ്ടർ അർനോൾഡ്, ഡീഗോ യോട്ട എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. 18 മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണ് ലിവർപൂളിനുള്ളത്. 19കളികളിൽ നിന്ന് 37 പോയിന്റുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റാണ് രണ്ടാം സ്ഥാനത്ത്.