cricket

മെൽബൺ ടെസ്റ്റിൽ 184 റൺസിന് തോറ്റ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാദ്ധ്യത മങ്ങി

മെൽബൺ : ഒറ്റ ദിവസം പിടിച്ചുനിന്ന് സമനിലയെങ്കിലും നേടാനുമാകാതെ മെൽബണിൽ ഓസ്ട്രേലിയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 184 റൺസിന്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. അഞ്ചുമത്സരപരമ്പരയിൽ 2-1ന് മുന്നിലെത്തിയ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള പാത എളുപ്പമാക്കിയപ്പോൾ ഇന്ത്യയുടെ വഴി ഏറെക്കുറെ അടയുകയും ചെയ്തു.

മെൽബണിൽ ആദ്യ ഇന്നിംഗ്സിൽ 474 റൺസ് നേടിയ ആതിഥേയർക്ക് എതിരെ ഇന്ത്യ 369 റൺസെടുത്തിരുന്നു. അവസാന ദിവസമായ ഇന്നലെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 234റൺസിന് ആൾഔട്ടായ ഓസ്ട്രേലിയ 340 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 155 റൺസിൽ ആൾഔട്ടാക്കിയാണ് വിജയം ആഘോഷിച്ചത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ പാറ്റ് കമ്മിൻസും സ്കോട്ട് ബോളാണ്ടും രണ്ട് വിക്കറ്റ് നേടിയ ലയണും ഓരോ വിക്കറ്റെടുത്ത സ്റ്റാർക്കും ഹെഡും ചേർന്നാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ എറിഞ്ഞിട്ടത്. നാലാം വിക്കറ്റിൽ ചെറുത്തുനിന്ന് 88 റൺസ് കൂട്ടിച്ചേർത്ത യശസ്വി ജയ്സ്വാളും (84), റിഷഭ് പന്തും (30) മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ രണ്ടക്കം കണ്ട ഇന്ത്യൻ ബാറ്റർമാർ.

ഇന്നലെ 228/9 എന്ന സ്കോറിലായിരുന്ന ഓസ്ട്രേലിയ രാവിലെ ആറുറൺസ് കൂടികൂട്ടിച്ചേർത്തശേഷമാണ് ആൾഔട്ടായത്. നഥാൻ ലിയോണിനെ ബൗൾഡാക്കി ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിംഗ്സിന് കർട്ടനിട്ടത്. ബുംറയുടെ രണ്ടാം ഇന്നിംഗ്സിലെ അഞ്ചാം വിക്കറ്റും മത്സരത്തിലെ ഒൻപതാം വിക്കറ്റുമായിരുന്നു ഇത്.

തുടർന്ന് 340 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 33 റൺസ് എടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.ഒരറ്റത്ത് യശസ്വി ജയ്സ്വാൾ നിൽക്കവേ രോഹിത് ശർമ്മ(9), കെ.എൽ രാഹുൽ (0) എന്നിവരെ ഒരേ ഓവറിൽ ഓസീസ് ക്യാപ്ടൻ കമ്മിൻസും വിരാടിനെ(5) മിച്ചൽ സ്റ്റാർക്കുമാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിൽ ഒരുമിച്ച യശസ്വിയും റിഷഭ് പന്തും കടിച്ചുപിടിച്ചുനിന്ന് ലഞ്ചിന് ശേഷമുള്ള സെഷൻ 112/3 എന്ന നിലയിലെത്തിച്ചു. ചായ കഴിഞ്ഞെത്തിയ ഉടൻ ഈ സഖ്യം പൊളിഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ ഇന്നിംഗ്സിൽ പതിവ് ശൈലിയിലെ ക്രീസിൽ കിടന്നുള്ള റിവേഴ്സ് സ്വീപ്പിലൂടെ പുറത്തായതിന് ഏറെപഴികേട്ട റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിൽ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ അനാവശ്യമായൊരു ഷോട്ടിലൂടെ ട്രാവിസ് ഹെഡിന്റെ ബൗളിംഗിൽ മാർഷിന് ക്യാച്ച് നൽകി മടങ്ങി.104 പന്തുകളിൽ രണ്ടുഫോറടക്കം 30 റൺസ് നേടുകയും യശസ്വിക്കൊപ്പം 88 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത പന്ത് പുറത്തായതോ‌ടെ ഇന്ത്യ 121/4 എന്ന നിലയിലായി.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. മത്സരത്തിലേക്ക് മടങ്ങിവന്ന ഓസ്ട്രേലിയ രവീന്ദ്ര ജഡേജ(2), നിതീഷ് കുമാർ റെഡ്ഡി(1), യശസ്വി,ആകാശ്ദീപ്(9),ബുംറ (0)എന്നിവർക്ക് കൂടി മടക്കടിക്കറ്റ് നൽകി. ജഡേജ ബോളാണ്ടിന്റെ ബൗൺസറിൽ കീപ്പർ ക്യാച്ച് നൽകിയപ്പോൾ ലയണിന്റെ പന്തിൽ സ്മിത്തിനായിരുന്നു നിതീഷിന്റെ ക്യാച്ച്. 208 പന്തുകളിൽ എട്ടുഫോറടക്കം 84 റൺസ് നേടിയ യശസ്വിയെ കമ്മിൻസിന്റെ പന്തിൽ കാരേ പിടികൂടിയതോടെ ഇന്ത്യ 140/7 എന്ന നിലയിലായി.സിറാജിനെ എൽ.ബിയിൽ കുരുക്കി ലയണാണ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടത്.