biji

കൊച്ചി: കലൂരിലെ നൃത്തപരിപാടി സംഘടിപ്പിച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി രക്ഷിതാവ് ബിജി. പരിപാടിക്ക് ജിസിഡിഎയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ അനുമതിയുണ്ടോ എന്നും ജില്ലാ കേന്ദ്രം അനുമതി നൽകിയതിൽ ആശയക്കുഴപ്പമുണ്ടെന്നുമുള്ള സംശയമാണ് രക്ഷിതാവുയർത്തിയിരിക്കുന്നത്. ബിജിയുടെ മകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഒരു മാദ്ധ്യമത്തോടാണ് ബിജി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഗ്രൗണ്ടിനായി സംഘാടകർ എസ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെയാണ് സമീപിക്കേണ്ടത്. പരിപാടിയുടെ വിശദാംശങ്ങളും സംഘാടകർ നൽകേണ്ടതുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളെ സംബന്ധിച്ചും ടിക്കറ്റ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും നിരവധി കാര്യങ്ങൾ എസ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ ബോധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഡിയം നവീകരണത്തിന് എഞ്ചിനീയറിംഗ് വിഭാഗമുണ്ട്. ജിസിഡിഎയുടെ അനുമതി വേണമെന്നിരിക്കെയാണ് സംഘാടകർ തട്ടിക്കൂട്ട് സ്റ്റേജ് ഒരുക്കിയത്.

പരിപാടിക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി പ്രധാനമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് 2500 മുതൽ 3500 രൂപ വരെയാണ് ഒരു കുട്ടിയിൽ നിന്ന് സംഘാടകർ വാങ്ങിയിട്ടുള്ളത്. അതിന് രസീതില്ല. സാരി സ്‌പോൺസർഷിപ്പ് ലഭിച്ചതാണ്. കുട്ടികൾക്ക് കൊടുത്തത് രണ്ട് ബിസ്‌ക്കറ്റും ഒരു ജ്യൂസും മാത്രമാണ്. ഒരു സ്വകാര്യ ഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മൾ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണ്. കുട്ടികളുൾപ്പെടെ 12,000പേരാണ് പരിപാടിയിൽ പങ്കെടുത്തത്. സ്റ്റേഡിയത്തിൽ ഐഎസ്‌എൽ മത്സരം നടക്കുമ്പോൾ പോലും കൃത്യമായ ഗതാഗത നിയന്ത്രണം നടപ്പിലാക്കാറുണ്ട്. അപ്പോഴാണ് ഇത്രയും കുട്ടികൾ വരുമ്പോൾ ഗതാഗത നിയന്ത്രണം ഇല്ലാത്തത്.

എറണാകുളത്ത് നിന്ന് മൂന്ന് മണിക്ക് സ്റ്റേഡിയത്തിലെത്തിയവർ തിരികെ വീട്ടിലെത്തുന്നത് രാത്രി 11.30നാണ്. നൃത്തം കളിച്ച് അവശരായ കുട്ടികൾ മൂന്ന് മണിക്കൂറോളം ബസിലിരുന്നു. ഗിന്നസ് റെക്കോഡ് കിട്ടിയത് മൃദംഗ വിഷനാണ്. ഇതൊരു സ്വകാര്യ ഏജൻസിയാണെന്നാണ് മനസിലാക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയും ചടങ്ങിൽ പങ്കെടുത്തു. ഒരു സ്വകാര്യ ഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണ്.' - ബിജി പറഞ്ഞു.