
ശരിയായ മതപഠനവും മതബോധവും മതസമീപനവും ലോകത്തിന് ആവശ്യമാണെന്ന് ശ്രീനാരായണ ഗുരുദേവൻ കണ്ടത്, ലോകത്തിന്റെ ശാന്തിയും സമാധാനവും ക്ഷയിച്ചു പോകുന്നതിൽ മതങ്ങൾ മിക്കപ്പോഴും കാരണപക്ഷത്താകുന്നതിനാലാണ്. മതങ്ങളേക്കാൾ ഗുരുവിനു പ്രധാനം മനുഷ്യനായിരുന്നു. അതുകൊണ്ടാണ്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. മതങ്ങളുണ്ടെങ്കിലേ മനുഷ്യന് സ്ഥാനമുള്ളൂവെന്ന പൗരോഹിത്യ വീക്ഷണത്തിനപ്പുറം മനുഷ്യനുണ്ടെങ്കിലേ മതത്തിനും ദൈവത്തിനും സ്ഥാനമുള്ളൂ എന്ന സത്യത്തിലേക്കാണ് ഈ സന്ദേശത്തിലൂടെ ഗുരുദേവൻ വിരൽ ചൂണ്ടിയത്.
ശ്രീനാരായണ ഗുരുദേവൻ 1924-ൽ ആലുവാ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനം കേരളത്തിന്റെ മതബോധത്തെ ഒട്ടൊന്നുമല്ല വിസ്തൃതവും പ്രബുദ്ധവുമാക്കിയത്. അന്യമതങ്ങളെ നിന്ദിക്കുകയും പരമത ഖണ്ഡനം നടത്തുകയും ചെയ്തുകൊണ്ട് സ്വമതത്തെ വന്ദിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന മതാനുയായികളുടെ മതസമീപനത്തെയും പരിമിതമായ മതബോധത്തെയും തിരുത്തിയെടുക്കാനും, മതസ്പർദ്ധ വളർത്തുന്നതിന് ആധാരമായ മതാന്ധത നീക്കി സർവമതങ്ങളും അനുശാസിക്കുന്ന മൗലികതത്വത്തിന്റെ സാരം ഏകമാണെന്ന് ബോദ്ധ്യപ്പെടുത്താനും ഉദ്ദേശിച്ചാണ് ഗുരുദേവൻ സർവമത സമ്മേളനത്തിന്റെ സ്വഭാവവും പ്രകൃതവും നിർണയിച്ചത്. ആ നിർണയത്തിന്റെ സദ്ഫലമായാണ് കേരളത്തിന്റെ മതമണ്ഡലത്തിലും സാമൂഹ്യ മണ്ഡലത്തിലും മറ്റെവിടെയും കാണാത്തൊരു സൗഹൃദവും ലയവും സാഹോദര്യവും ഊട്ടിയുറപ്പിക്കപ്പെട്ടത്.
ഗുരുദേവന്റെ മതമീമാംസ വെളിവാക്കിയ ആ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി ലോകമെങ്ങും ആഘോഷിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് സർവമത സമ്മേളനത്തിന്റെ ഒരു ശതാബ്ദി സമ്മേളനം ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തോളം വരുന്ന ക്രിസ്തീയ മതവിശ്വാസികളുടെ ആത്മീയകേന്ദ്രമായ വത്തിക്കാനിൽ വച്ച്, തിരുസഭയുടെ അഭിവന്ദ്യപിതാവായ മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ നടത്തുവാൻ ആലോചനയുണ്ടായത്. ലോകത്തെ 2.4 ദശലക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നിടമാണ് മാർപാപ്പയുടെ ആസ്ഥാനം. അതുകൊണ്ടു തന്നെ അവിടെ നിന്ന് ഗുരുദേവന്റെ മതമീമാംസ വിചാരം ചെയ്യപ്പെടുന്നതായാൽ അത് ലോകമാകെ ശ്രവിക്കുന്നതായിത്തീരും.
വേറൊന്ന്, ഗുരുദേവൻ ക്ഷമയുടെ മൂർത്തിയായും ശ്രീപരമേശ പവിത്രപുത്രനായും വാഴ്ത്തിയിട്ടുള്ള ക്രിസ്തുദേവന്റെ ചൈതന്യവും ദർശനവും ലോകത്തിന് വെളിച്ചമാകുന്നിടമാണ് മാർപാപ്പയുടെ തിരുസന്നിധാനമായ വത്തിക്കാൻ. അവിടെ നിന്നു മുഴങ്ങുന്ന ഗുരുദർശനം ഭാഷാതിർത്തികളും ദേശാതിർത്തികളും കടന്നുപോകും. ഈ ബോദ്ധ്യത്തിൽ നിന്നാണ് വത്തിക്കാനിലെ സർവമത സമ്മേളനത്തിന് ഉദയമുണ്ടായത്. നവംബർ 30-നു രാവിലെ വത്തിക്കാൻ സ്‌ക്വയറിലെ അഗസ്റ്റീരിയൻ ഹാളിലായിരുന്നു സർവമത സമ്മേളനത്തിന്റെ ശതാബ്ദി സമ്മേളനം.
ഔപചാരികമായ ചടങ്ങുളോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗം മാർപാപ്പ വായിച്ചു. വംശങ്ങളും ദേശങ്ങളും സംസ്‌കാരങ്ങളും മനുഷ്യരെ വിഭജിക്കുന്ന കാലത്ത് ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിന് അതീവ പ്രസക്തിയുണ്ടെന്ന് മാർപാപ്പ പറഞ്ഞു. ലോകത്തുള്ള സർവമനുഷ്യരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന ദർശനമാണ് ഗുരു ലോകത്തിനു നൽകിയത്. മതത്തിലുള്ള വിശ്വാസം നിലനിറുത്തിക്കൊണ്ടു തന്നെ നല്ല മനുഷ്യ സമൂഹത്തെ വാർത്തെടുക്കുവാൻ നമുക്കാവണം. മതങ്ങൾ മനുഷ്യരുടെ ഒരുമയ്ക്കായും നന്മയ്ക്കായും സമാധാനത്തിനായും ഒരുമിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
ഗുരുവിന്റെ അദൃശ്യമായൊരു ദിവ്യസാന്നിദ്ധ്യം അനുഭവമാകും ധം ആ സമ്മേളനാന്തരീക്ഷം മാറിയിരുന്നു. മതങ്ങൾക്കു മേൽ മനുഷ്യർ ഒന്നിക്കുന്ന വത്തിക്കാനിലെ ആ കാഴ്ചയും മാർപാപ്പയുടെ ആശീർവാദവും ഈ ലോകത്തിനു കിട്ടിയ ഏറ്റവും മഹത്തായ സന്ദേശമായി മാറുകയാണ് ചെയ്തത്. ആലുവ സർവമത സമ്മേളനത്തിന്റെ വിശുദ്ധിയിൽ നിന്ന് പകർന്നെടുക്കപ്പെട്ട വത്തിക്കാനിലെ സമ്മേളനവും മാർപാപ്പയുടെ ആശീർവാദ പ്രസംഗവും ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരുടെ പ്രഭാഷണങ്ങളും മറ്റു മതപ്രതിനിധികളുടെ പ്രസംഗങ്ങളും സത്സംഗങ്ങളും എല്ലാം ചേർന്ന് ലോകത്തിനും ചരിത്രത്തിനും നൽകിയത്, 'മനുഷ്യരൊക്കെയും ഒരു ജാതി, അതാണ് നമ്മുടെ മതം" എന്ന ഗുരുദേവന്റെ സാർവദേശീയ സന്ദേശത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ്.
ഈ മഹനീയ സാഹചര്യത്തിലാണ് ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനം നടക്കുന്നത്. സർവ മാനവരാശിയുടെയും അഭ്യുദയത്തിനായി അവതരിച്ച ഗുരുവിന്റെ തീർത്ഥാടന സങ്കല്പം വിശ്വമാനവികതയിൽ അധിഷ്ഠിതമായ ലോകോദ്ധാരണമാണ്. സർവസമന്വയ സമഭാവനയുടെയും നവോത്ഥാനത്തിന്റെയും അഭൗമമായൊരു സ്രോതസാണ് ശിവഗിരി തീർത്ഥാടനം. ഭക്തിയും ശുദ്ധിയും അറിവും ശ്രദ്ധയും വേറല്ലാത്തവിധം സമന്വയിക്കുന്ന ശിവഗിരി തീർത്ഥാടനം പുനരവലോകനത്തിന്റെയും പുനരാവിഷ്‌കരണത്തിന്റെയും വലിയ സാദ്ധ്യതകളാണ് തീർത്ഥാടകനു സമ്മാനിക്കുന്നത്.
ഗുരുദേവന്റെ അനുപമവും അമേയവുമായ മഹാസങ്കല്പം യാഥാർത്ഥ്യമാകണമെങ്കിൽ മനുഷ്യരെല്ലാവരും ആത്മസഹോദരരാണെന്ന ബോധത്തിൽ, ഗുരുദേവൻ ഉദ്‌ബോധിപ്പിച്ച സത്യദർശനത്തിന്റെ വെളിച്ചത്തിൽ, ശാസ്ത്ര സാങ്കേതിക ഭൗതിക വിജ്ഞാനത്തെ പങ്കുവയ്ക്കുകയും അവയെ വിനിമയം ചെയ്യുകയും ഗുണപരമായി പ്രയോജനപ്പെടുത്തുകയും വേണം. അപ്പോഴാണ് വിശ്വമാനവികതയുടെ അമരപ്രകാശത്തിൽ ലോകം ശാന്തിഭദ്രമാകുന്നതും അഭ്യുന്നതിയും ആത്മസുഖവും കൈവരുന്നതും. അതിനുള്ള ജീവിതഗന്ധികളായ പാഠങ്ങളാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങൾ.