
ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർ. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവും. സൺസ്ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാം.
ഇനി ചർമപ്രശ്നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്പാക്ക് ആഴ്ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്ഹെഡ്സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
തലേ ദിവസത്തെ കഞ്ഞിവെള്ളം - 4 ടേബിൾസ്പൂൺ
കസ്തൂരി മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
ഉപ്പിടാത്ത ദോശമാവ് - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കഞ്ഞിവെള്ളത്തിലേക്ക് കസ്തൂരി മഞ്ഞൾപ്പൊടിയും ദോശമാവും ചേർത്ത് നന്നായി യോജിപ്പിക്കുക. 15 മിനിട്ട് ഇത് വയ്ക്കണം. ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
മുഖം ഫേസ്വാഷ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം പാക്ക് ഇട്ടുകൊടുക്കുക. ഒരുപാട് ഉണങ്ങേണ്ട ആവശ്യമില്ല. 15 മിനിട്ട് പുരട്ടി വച്ചശേഷം മസാജ് ചെയ്ത് പച്ചവെള്ളത്തിൽ കഴുകി കളയുക. പിന്നീട് ഫേസ്വാഷ് ഉപയോഗിക്കാൻ പാടില്ല.