camphor

ഇന്നത്തെ കാലത്ത് വീടിന്റെ പ്ളാൻ വരയ്ക്കുമ്പോൾ മുതൽ വീട്ടിലെ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും ക്രമീകരിക്കുമ്പോൾവരെ മിക്കവാറും പേരും വാസ്‌തുശാസ്ത്രത്തിന് പ്രാധാന്യം നൽകാറുണ്ട്. വാസ്‌തുവൈകല്യങ്ങളുള്ള വീടുകളിൽ താമസിക്കുന്നവർക്ക് സാമ്പത്തിക നഷ്ടം, രോഗങ്ങൾ, കുടുംബത്തിൽ വഴക്കും അസ്വസ്ഥതകളും മറ്റും നേരിടേണ്ടി വരുമെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്.

താമസിക്കുന്ന ഗൃഹത്തിൽ വാസ്‌തുപ്രശ്‌നങ്ങൾ കണ്ടെത്തിയാൽ വീട് ഒഴിയുകയോ പുനർനിർമിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. വാസ്‌തുപ്രശ്‌നങ്ങൾ മാറ്റാൻ ചില കാര്യങ്ങൾ മാത്രം ചെയ്താൽ മതിയാവും. വീട്ടിലെ നെഗറ്റീവ് എനർജി മാറ്റി എങ്ങനെ ഐശ്വര്യവും സമൃദ്ധിയും പോസിറ്റീവ് എനർജിയും കൊണ്ടുവരാമെന്ന് മനസിലാക്കാം.

വീട്ടിൽ കാറ്റാടി മണികൾ തൂക്കിയിടുന്നത് അലങ്കാരത്തിന് മാത്രമല്ല, പോസിറ്റീവ് എനർജി കൊണ്ടുവരാനും സഹായിക്കുമെന്ന് വാസ്‌തുവിദ്യയിൽ പറയുന്നു. വീട്ടിൽ പ്രശ്‌നങ്ങൾ നേരിടുന്നവർ കാറ്റാടി മണി വാങ്ങി വീടിന്റെ പ്രവേശന കവാടത്തിൽ തൂക്കിയിടുക. വീട്ടിലോ ഓഫീസിലോ പളുങ്ക് മണികൾ തൂക്കിയിടുന്നതും വാസ്‌തുപ്രകാരം ശുഭകരമാണ്.

വീടിന്റെ വിവിധ ഭാഗങ്ങളിൽ കർപ്പൂരം വിതറുന്നതും വാസ്‌തുദോഷങ്ങൾ അകറ്റും. സാമ്പത്തിക നഷ്ടങ്ങൾ നേരിടുന്നവർ വീട്ടിൽ രണ്ട് കർപ്പൂര പരലുകൾ സൂക്ഷിക്കുന്നത് നല്ലതാണ്.

വീട്ടിലെ കണ്ണാടിക്കും വാസ്‌തുപ്രകാരം വലിയ പ്രാധാന്യമാണുള്ളത്. ഒരിക്കലും വീടിന്റെ പ്രധാന വാതിലിന് മുന്നിൽ കണ്ണാടി സ്ഥാപിക്കരുത്. ഇത് പ്രതികൂലമായി ബാധിക്കും. വീട്ടിലെ കണ്ണാടിയുടെ ചില്ല് പൊട്ടിയിരിക്കുകയാണെങ്കിലും അത് മാറ്റണം. ഇത് വീട്ടിലെ അംഗങ്ങളുടെ ആയുസിനെ ദോഷകരമായി ബാധിക്കും. പൊട്ടിയ പ്ളേറ്റുകൾ, ഗ്ളാസുകൾ, പ്രവർത്തിക്കാത്ത ക്ളോക്ക് എന്നിവയും വീട്ടിൽ നിന്ന് ഒഴിവാക്കണം.