
പഞ്ചസാര അധികം ഉപയോഗിക്കുന്നത് പലതരം രോഗങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഓർമ്മിപ്പിക്കുന്ന നിരവധി ഗവേഷണ ഫലങ്ങൾ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു. മധുരദാതാക്കളിൽ അഗ്രഗണ്യൻ പഞ്ചസാര തന്നെ. മറ്റു മധുരവസ്തുക്കൾ തേൻ, സുക്രോസ് എന്നിവയാണ്. തേൻ ഉത്പാദകർ പൂക്കളാണ്. സസ്യങ്ങളുടെ പ്രത്യുത്പാദനം നടക്കാനായി പ്രകൃതിയുടെ ഒരു വരദാനമാണ് തേൻ. തേൻ നുകരാനുള്ള തേനീച്ചയുടെ വ്യഗ്രതയിൽ പ്രത്യുത്പാദനം സസ്യത്തിൽ നടക്കും. പൂവിൽ നിന്നുള്ള മറ്റൊരു ഘടകമാണ് പൂമ്പൊടി.
നേരം പുലരുന്നതോടെ തേനീച്ചകൾ തേനും പൂമ്പൊടിയും ശേഖരിക്കുന്ന ജോലിയിൽ വ്യാപൃതരാകുന്നു. ഏകദേശം 15 കിലോമീറ്റർ ദൂരം ഒരു ഈച്ച യാത്ര തുടരും. ശേഖരിച്ച തേൻ ഈച്ചയുടെ കുടലിലെ ഒരു പ്രത്യേക അറയിൽ (ക്രോപ്) സൂക്ഷിക്കും. ഇത് കേടുവരാതിരിക്കാനായി ഈ അവയവത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന ഒരുതരം എൻസൈം കലർത്തുകയാണ് ചെയ്യുക. സ്വന്തം ആവശ്യത്തിനായി ഒരു തുള്ളി തേൻ പോലും ഇവർ ഉപയോഗിക്കുകയില്ല.
പുരുഷ വർഗത്തിൽപ്പെട്ട മറ്റൊരു കൂട്ടർ കൂട്ടിനുള്ളിൽത്തന്നെ കാണും. മടിയന്മാരായ ഇവന്മാർ ഈ തേൻ കവർന്നെടുത്ത് കഴിക്കും. ഇവരുടെ പ്രധാന ജോലി റാണി ഈച്ചയുമായി ഇണചേർന്ന് പ്രത്യുത്പാദനം നടത്തുകയാണ്. ഒരു കൂട്ടിൽ റാണി ഒഴികെ മറ്റ് പെൺ ഈച്ചകൾക്ക് പ്രത്യുത്പാദന ശേഷിയുണ്ടാവില്ല. കൂട്ടിലെ എല്ലാവർക്കും വളർച്ച പ്രാപിച്ചുവരുന്ന ലാർവകൾക്കുമായി തേനും പൂമ്പൊടിയും ചേർത്തുണ്ടാകുന്ന ഒരുതരം ബ്രഡ് ആഹാരമായി നിർമ്മിച്ച് ഇവർ നൽകുന്നു.
പണ്ടുകാലത്ത്, പഞ്ചസാരയ്ക്കു പകരം ഉപയോഗിച്ചിരുന്നത് അസ്‌പർടാമെ ആയിരുന്നു. ഇന്റർനാഷണൽ ഹെൽത്ത് ഏജൻസിയുടെ പഠനങ്ങൾ ഇതിന്റെ ഉപയോഗം മാരകമായ കരൾ രോഗങ്ങൾക്കും കാൻസറിനും മറ്റും കാരണമാകുമെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചസാരയുടെ ഉപയോഗം വല്ലാതെ വർദ്ധിച്ചത്. നമ്മൾ ചായയിലും കാപ്പിയിലുമൊക്കെ സ്പൂൺ കണക്കിന് ചേർത്തു കഴിക്കുന്ന പഞ്ചസാര ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് മനസിലാക്കുക. ഇത്തരത്തിൽ ചേർത്തുകഴിക്കുന്ന പഞ്ചസാര തിക്തമായ പല പാർശ്വരോഗങ്ങൾക്കും ഇടയാക്കുകയും ചെയ്യും.
തലച്ചോറിന്റെ പ്രവർത്തനം ക്രമേണ മന്ദീഭവിക്കുക, പലതരം ഹൃദയ തകരാറുകൾ, വൃക്കകൾക്ക് തകരാറുകൾ,തുടർച്ചയായി അനുഭവപ്പെടുന്ന തലവേദന തുടങ്ങിയവയ്ക്കെല്ലാം പഞ്ചസാരയുടെ അമിത ഉപയോഗം വഴിയൊരുക്കുമെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രമുഖ കാർഡിയോളജിസ്റ്റായ ബ്രൂക്ക് അഗർവാൾ സ്ഥിരീകരിക്കുന്നു. ഹൃദയ ധമനികൾക്ക് സാരമായ തടിപ്പ്, രക്തധമനികൾക്ക് അമിത ക്ഷീണം തുടങ്ങിയവയും അനുഭവപ്പെടാം. ഇത് രക്തചംക്രമണത്തെ തടസപ്പെടുത്തും. ശരീരഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുക, കരൾ വീക്കം, പലതരം ക്യാൻസറുകൾ ഡയബെറ്റിസം, ആസ്‌ത്മ എന്നിവയും ഉണ്ടാകാനിടയുണ്ട്.
ഭക്ഷണ പദാർത്ഥങ്ങളിലും പാനീയങ്ങളിലുമായി ഒരു ദിവസം ചേർത്തു കഴിക്കാവുന്ന പഞ്ചാസാരയുടെ അളവ്, അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ നിർദ്ദേശമനുസരിച്ച് സ്ത്രീകൾക്ക് ആറ് ടീസ്പൂണും (25 ഗ്രാം) പുരുഷൻമാർക്ക് ഒൻപത് ടീസ്പൂണും (38 ഗ്രാം) ആണ്. പഞ്ചസാരയുടെ പകരക്കാരായ സുക്രോസ്, കോൺസിറപ്പ്, ബ്രൗൺ റൈസ് സിറപ്പ് ഇവയെല്ലാം ശരീരത്തിന് സാരമായ തകരാറുകൾ വരുത്തുന്നവയാണ്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
പ്രകൃതിദത്തമായ പാൽ, പഴവർഗങ്ങൾ, മലക്കറികൾ, മധുരക്കിഴങ്ങ്, കാരറ്റ് മുതലായവയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഒരു ദോഷവും വരുത്താത്തവയാണ്.
(ലേഖകന്റെ ഫോൺ: 98479 99301)