
കൊച്ചി: ബോംബ് നിർവീര്യമാക്കാൻ പൊലീസുകാർ ഭാരമേറിയ ബാറ്ററിയും ചുമന്ന് നടക്കേണ്ടിവരില്ല. പകരം, മലയാളി പൊലീസുകാരൻ കണ്ടുപിടിച്ച ചെറിയ ഉപകരണം പോക്കറ്റിലിട്ട് പോയാൽ മതി.മൊബൈൽ ഫോണിന്റെ വലിപ്പം വരുന്ന 'പവർ ഓൺ-പി.ബി" ഉപകരണം സംസ്ഥാന ബോംബ് സ്‌ക്വാഡിന്റെ ഭാഗമാക്കാൻ സർക്കാർ അനുമതിയായി. ഇവ നിർമ്മിച്ച് കൈമാറാനുള്ള നടപടികളാണ് ബാക്കിയുള്ളത്.
എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ബോംബ് സ്‌ക്വാഡ് അംഗം എസ്. വിവേക് 2021ൽ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചതാണ് ഉപകരണം. തൃശൂരിലെ പി.ഡബ്ല്യു.ഡി ഇലക്ട്രോണിക് വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം പരിഷ്കരിച്ച് കുറ്റമറ്റതാക്കി. കഴിഞ്ഞ വർഷം ചെന്നൈ ഇലക്ട്രോണിക് ടെസ്റ്റിംഗ് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഔദ്യോഗിക പരിശോധന വിജയിച്ചു. അതിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി വിലയിരുത്തി സർക്കാരിന് ശുപാർശ ചെയ്യുകയായിരുന്നു.
10 വർഷം മുമ്പ് സിവിൽ പൊലീസ് ഓഫീസറായാണ് ആലപ്പുഴ തുറവൂർ സ്വദേശിയായ വിവേക് സേനയിൽ എത്തിയത്. പിന്നീട് ഹരിയാനയിലെ എൻ.എസ്.ജിയിൽ ബോംബ് ഡിസ്‌പോസൽ കോഴ്‌സ് വിജയിച്ചാണ് ബോംബ് സ്‌ക്വാഡിലേക്ക് മാറിയത്. ഇലക്ട്രോണിക്‌സ് പഠിച്ചിട്ടില്ലാത്ത വിവേക് കൊവിഡ് അണുക്കളെ തുരത്താനുള്ള അൾട്രാവൈലറ്റ് മെഷീൻ നിർമ്മിച്ച് ബോംബ് സ്‌ക്വാഡിന് കൈമാറിയിരുന്നു.
 നിർവീര്യമാക്കൽ 
ബോംബുകൾ ഒഴിഞ്ഞയിടത്ത് എത്തിച്ച് നീണ്ട വയറുകൾ ഘടിപ്പിക്കും. 100 മീറ്റർ അകലെയായി വയർ വലിയ ബാറ്ററിയുമായി ഘടിപ്പിച്ച് സ്ഫോടനം നടത്തും. ബാറ്ററിക്കു പകരം, വിവേകിന്റെ ഉപകരണം വയറുമായി ബന്ധിപ്പിച്ച് സ്വിച്ച് അമർത്തിയാൽ മതിയാകും.
ഫോൺ, പവർ ബാങ്ക് എന്നിവയിൽ നിന്ന് ചാർജ് ചെയ്യാം. ബാറ്ററി ചാർജ് ലെവൽ മനസിലാക്കാനാവും.
'സ്റ്റാർട്ട്അപ്പ് കമ്പനികളുമായി സഹകരിച്ച് എല്ലാ പൊലീസ് സേനകൾക്കും പവർ ഓൺ എത്തിക്കണമെന്നാണ് ആഗ്രഹം."
-എസ്. വിവേക്