
ഇതുവരെ കൈവരിച്ച നേട്ടങ്ങൾ അടിസ്ഥാനമാക്കി, നാലാം വ്യവസായ വിപ്ലവത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ ഉയരങ്ങളിലേക്കുള്ള കുതിപ്പിന് തയ്യാറെടുക്കുകയാണ് കേരളം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും മെഷീൻ ലേണിംഗിനുമെല്ലാം മേൽക്കൈ വരുന്ന കാലമാണിത്. 2050-ഓടെ ലോകത്തുണ്ടാകുന്ന 75 ശതമാനം തൊഴിലുകളും 'സ്റ്റെം" അഥവാ സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് മേഖലകളിൽ നിന്നായിരിക്കും. ഇതു മുന്നിൽക്കണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രാജ്യത്തെ ആദ്യ ജെൻ- എ.ഐ കോൺക്ലേവിന് കേരളം വേദിയായി. അന്തർദേശീയ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസും സംസ്ഥാനത്തു നടന്നു.
2025-ൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നമ്മൾ. വ്യവസായ സൗഹൃദ സൂചികയിൽ 'ടോപ് അച്ചീവർ" പദവി നേടി കേരളം ഒന്നാമത് എത്തിയിരിക്കുകയാണ്. നമ്മുടെ സംരംഭക വർഷം പദ്ധതിയെ വ്യവസായ മേഖലയിലെ 'ബെസ്റ്റ് പ്രാക്ടീസ്" ആയാണ് രാജ്യം വിലയിരുത്തിയിരിക്കുന്നത്. അതിലൂടെ ഇതുവരെ മൂന്നേകാൽ ലക്ഷത്തിലേറെ സംരഭങ്ങൾ തുടങ്ങാനും, 21,400 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാനും, ഏഴു ലക്ഷത്തിലധികം തൊഴിലുകൾ സൃഷ്ടിക്കാനും കഴിഞ്ഞു. പുതിയ സ്റ്റാർട്ടപ്പുകളിലൂടെ 55,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നമ്മുടെ ഐ.ടി കയറ്റുമതി 34,000 കോടി രൂപയിൽ നിന്ന് 90,000 കോടി രൂപയായി ഉയർന്നു.
വികസനത്തിന്റെ
വേഗപാതകൾ
അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നേട്ടങ്ങൾ അഭിമാനകരം മാത്രമല്ല, ആവേശകരവുമാണ്. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമായി. ദേശീയപാതാ വികസനം പൂർത്തീകരണത്തോട് അടുക്കുന്നു. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇടമൺ- കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. കാസർകോട്ടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റർ ദൈർഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാൽ. ഈ ജലപാതയുടെ വശങ്ങളിലായി സാമ്പത്തിക വികസന സാദ്ധ്യതയുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ഡി.പി.ആർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ഉപകരിക്കുന്നതും 200 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്നതുമായ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കുന്നതിനു പുറമേ, ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന നാല് സയൻസ് പാർക്കുകൾ 1,000 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുകയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് തുടങ്ങിക്കഴിഞ്ഞു.
ക്ഷേമ മേഖലയിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുകയാണ്. ക്ഷേമ പെൻഷനുകൾ ലഭ്യമാക്കാനായി പ്രതിവർഷം 11,000 കോടിയോളം രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. ക്ഷേമ പെൻഷനുകൾക്കായി യു.ഡി.എഫ് സർക്കാർ 2011 മുതൽ 2016 വരെ ചെലവിട്ടത് 9,000 കോടി രൂപയാണെങ്കിൽ, കഴിഞ്ഞ എട്ടു വർഷംകൊണ്ട് 64,000 കോടി രൂപയാണ് ഇടതു സർക്കാർ ചെലവഴിച്ചത്. ഇതേ കാലയളവിൽ വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് വിപണി ഇടപെടലിനു മാത്രമായി 14,000 കോടിയോളം രൂപ ചെലവഴിച്ചു. 42 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ഫലം കാണുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാക്ക് റാങ്കിംഗിൽ എം.ജി, കേരള സർവകലാശാലകൾക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, കുസാറ്റ്, കാലടി സർവ്വകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. കേരളത്തിലെ 18 കോളേജുകൾക്ക് എ പ്ലസ് പ്ലസ് ഗ്രേഡും 31 കോളേജുകൾക്ക് എ പ്ലസ് ഗ്രേഡും 53 കോളേജുകൾക്ക് എ ഗ്രേഡും ലഭിച്ചു. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ രാജ്യത്തെ മികച്ച 200 കോളേജുകളിൽ 42 എണ്ണവും കേരളത്തിലാണ്.
കേന്ദ്രം തുടരുന്ന
പ്രതികാരബുദ്ധി
ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രം കൈകടത്തുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ മറ്റു സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ചും ഫെഡറൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകിയപ്പോൾ അതിനു തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നുമാത്രമല്ല, കിഫ് ബിയെയും ലൈഫ് മിഷനെയും തകർക്കാനും അങ്ങനെ കേരളത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും കേന്ദ്രം ശ്രമിച്ചു.
ആയിരത്തോളം സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങൾ നൽകുന്നതിന് കെ- സ്മാർട്ട് പോർട്ടലിന് രൂപം നൽകി. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുഗമമാക്കാൻ റവന്യു, രജിസ്ട്രേഷൻ, സർവേ വകുപ്പു കൾക്കായി ഏകീകൃത പോർട്ടൽ യാഥാർത്ഥ്യമാക്കി. ഫയൽ നീക്കം സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇ- ഓഫീസ് സംവിധാനങ്ങൾ മികവുറ്റതാക്കുകയും ചെയ്തു. പി.എസ്.സിയിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ നടത്തി. 30,000 ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന പബ്ലിക്ക് സർവീസ് കമ്മിഷനാണ് കേരളത്തിലേത്.
നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പല മേഖലകളിലും ഇനിയും മുന്നേറുവാനുണ്ടെന്ന ബോദ്ധ്യത്തോടെ നവകേരള നിർമ്മിതിക്കായുള്ള പ്രവർത്തനങ്ങൾ ഈ സർക്കാർ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം, കാർഷിക നവീകരണം, തദ്ദേശീയമായി തൊഴിലുകൾ സൃഷ്ടിക്കുക, മാലിന്യനിർമ്മാർജ്ജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങൾ തടയുക, അതിവേഗ യാത്രാ സംവിധാനങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കേണ്ടതുണ്ട്. ഭദ്രമായ ക്രമസമാധാന നില, സമാധാനപൂർണമായ സാമൂഹ്യജീവിതം എന്നിവ കഴിഞ്ഞ എട്ടരവർഷംകൊണ്ട് കേരളത്തിന്റെ പ്രത്യേകതയായി. അത്തരമൊരു അന്തരീക്ഷത്തിൽ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് നമ്മൾ. അതിനായി ഒരേ മനസോടെ നീങ്ങാം.