
താരത്തിളക്കത്തിൽ സ്വർണം
കൊച്ചി: സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് വൻ നേട്ടം ലഭ്യമാക്കിയാണ് 2024 വിട പറയുന്നത്. വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിൽ തീ കോരിയിട്ടാണ് ഈ വർഷം സ്വർണ വില കുതിച്ചുയർന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും പലിശ സംബന്ധിച്ച ഫെഡറൽ റിസർവിന്റെ നിലപാടുകളുമെല്ലാം സ്വർണ വില മുന്നോട്ട് നയിച്ചു. നടപ്പുവർഷം ഓഹരി, കടപ്പത്രങ്ങൾ, കമ്പോള ഉത്പന്നങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന നേട്ടമാണ് സ്വർണം നിക്ഷേപകർക്ക് നൽകിയത്. ഒരു വർഷത്തിനിടെ സ്വർണ വില 25 ശതമാനത്തിലധികം ഉയർന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഏഷ്യയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ 500 ടണ്ണിലധികം സ്വർണം വാങ്ങിയതാണ് വിലയിൽ ഇത്രയും വലിയ കുതിപ്പുണ്ടാക്കിയത്. ഇക്കാലയളവിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,091 ഡോളറിൽ നിന്ന് 2,600 ഡോളറിലേക്കാണ് ഉയർന്നത്. ഒക്‌ടോബർ 30ന് സ്വർണ വില ഔൺസിന് 2,826 ഡോളറിലെത്തി റെക്കാഡിട്ടിരുന്നു.
2024ൽ പവൻ വിലയിലെ വർദ്ധന 10,200 രൂപ
തിയതി പവൻ വില
ജനുവരി 2, 2024- 47,000 രൂപ
ഒക്‌ടോബർ 31, 2024(റെക്കാഡ്) 59,640 രൂപ
ഡിസംബർ 30, 2024 57,200 രൂപ
അനുകൂല സാഹചര്യങ്ങൾ
1. പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും രാഷ്ട്രീയ സംഘർഷങ്ങൾ
2. കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങുന്നു
3. ഡൊണാൾഡ് ട്രംപിന്റെ അതിദേശീയ വാദവും വ്യാപാര യുദ്ധ ഭീഷണിയും
4. അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ പലിശ നയങ്ങളിലെ അവ്യക്തത
ഇറക്കുമതി കുതിക്കുന്നു
കഴിഞ്ഞ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എക്‌സൈസ് തീരുവ 15ൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കുതിക്കുകയാണ്. കള്ളക്കടത്ത് ഗണ്യമായി കുറയാനും തീരുമാനം സഹായിച്ചു. നവംബറിൽ ഇന്ത്യയിലെ സ്വർണ ഇറക്കുമതി റെക്കാഡ് ഉയരമായ 1,480 കോടി ഡോളറായി. മുൻവർഷം ഇക്കാലയളവിലെ ഇറക്കുമതി 344 കോടി ഡോളർ മാത്രമായിരുന്നു. ഇറക്കുമതി തീരുവ കുറച്ചതോടെ പവൻ വില 4,000 കുറഞ്ഞെങ്കിലും പിന്നീട് ശക്തമായി തിരിച്ചുകയറി.