
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ അൻജി ഖാഡ് കേബിൾ പാലത്തിൽ ഭാരം വഹിച്ചുള്ള ട്രെയിൻ പരീക്ഷണവും വിജയം. രണ്ടു മലകളെ ബന്ധിപ്പിച്ച് കേബിളിൽ സ്ഥാപിച്ചതാണ് പാലം. ശ്രീനഗറിനെ ഉധംപൂരുമായും ബാരാമുള്ളയുമായും ബന്ധിപ്പിക്കുന്നു. സർവീസ് 2025 ഏപ്രിലിൽ തുടങ്ങാനാണ് ശ്രമം.
ആദ്യ ട്രയൽ കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. ശനിയാഴ്ചയായിരുന്നു ഭാരം വഹിച്ചുള്ള ഡീസൽ ട്രെയിനിന്റെ പരീക്ഷണം. റെയിൽവേ സേഫ്റ്റി കമ്മിഷന്റെ 15 ദിവസം നീളുന്ന പരിശോധന ഈ ആഴ്ച തുടങ്ങും. ഇതിനിടെ ഇലക്ട്രിക് എൻജിൻ പരീക്ഷണവും നടക്കും. സേഫ്റ്റി കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ട്രെയിൻ സർവീസ് ഉദ്ഘാടനം എന്നെന്ന് തീരുമാനിക്കുക.
ഇന്ത്യയിലെ ആദ്യ കേബിൾ റെയിൽവേ പാലമാണ് അൻജിഖാഡ്. 272 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഉധംപൂർ - ശ്രീനഗർ - ബാരമുള്ള റെയിൽ ലിങ്ക് പ്രോജക്ട്. റിയാസി-കത്ര സെക്ഷനിലാണ് കേബിൾ പാലം.
അൻജി ഖാഡ് വിസ്മയം
2017 നിർമ്മാണം തുടങ്ങി. നീളം 473.25 മീറ്റർ, ഉയരം 193 മീറ്റർ
ആറ് വർഷം, 400 ജീവനക്കാർ
ചെലവ് 435 കോടി
ഒറ്റ തൂണിൽ 96 കേബിളുകളിൽ ബന്ധിപ്പിച്ചിരിക്കുന്നു
തൂണിന് 331 മീറ്റർ ഉയരം, 20 മീറ്റർ ചുറ്റളവ്, 40 മീറ്റർ ആഴമുള്ള ബീം
295 മുതൽ 82 മീറ്റർ വരെ നീളമുള്ള കേബിളുകൾ തൂണിൽ ബന്ധിപ്പിച്ചു
213 കി.മീ വേഗതയുള്ള കാറ്റിനെയും ഭൂകമ്പങ്ങളെയും നേരിടാൻ ശേഷി
100 കി.മീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് കുതിക്കാം
ഇറ്റാലിയൻ റെയിൽവേയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാണം
'ഇന്ത്യൻ നിർമ്മാണ ചരിത്രത്തിലെ നാഴികക്കല്ലാവും കേബിൾ പാലം. വിനോദ സഞ്ചാരത്തിനും മുതൽക്കൂട്ടാവും
അശ്വനി വൈഷ്ണവ്,
റെയിൽവേ മന്ത്രി