nimisha-priya

സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. മാപ്പപേക്ഷ, ദയാധനം നൽകി മോചിപ്പിക്കൽ ശ്രമങ്ങൾ നേരത്തെ പരാജയപ്പെട്ടിരുന്നു.

2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു.

തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി. പ്രേമകുമാരി ഇപ്പോഴും യെമനിലാണ്.

സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവേൽ ജെറോമിന്റെ സനായിലെ വസതിയിലാണ് പ്രേമകുമാരിയുള്ളത്. അഞ്ച് മാസം മുമ്പാണ് പ്രേമകുമാരി ഇവിടെയെത്തിയത്.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.