investment

കൊച്ചി: നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ചാണ് ഓഹരി വിപണിയും പുതുവർഷത്തിലേക്ക് കടക്കുന്നത്. സെപ്തംബറിന് ശേഷം വിപണി കടുത്ത അനിശ്ചിതത്വങ്ങൾ നേരിട്ടുവെങ്കിലും വർഷികാടിസ്ഥാനത്തിൽ ഓഹരികൾ നേട്ടമുണ്ടാക്കി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 8.92 ശതമാനവും ദേശീയ സൂചികയായ നിഫ്‌റ്റി 9.49 ശതമാനവുമാണ് ഈ വർഷം ഉയർന്നത്. സെപ്തംബർ 27ന് സെൻസെക്സ് 85,978ലും നിഫ്‌റ്റി 26,277ലും എത്തി റെക്കാഡിട്ടിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പണമൊഴുക്കും ആഭ്യന്തര നിക്ഷേപകരുടെ വാങ്ങൽ താത്പര്യവുമാണ് വിപണിയെ മുന്നോട്ടുനയിച്ചത്. ഇന്ത്യൻ കമ്പനികളുടെ മികച്ച പ്രവർത്തന ഫലങ്ങളും ബി.ജെ.പി വലിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും വർഷത്തിന്റെ ആദ്യ പകുതിയിൽ വിപണിക്ക് ആവേശം പകർന്നു. എന്നാൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയം മങ്ങിയതോടെ വിപണി വീണ്ടും സമ്മർദ്ദത്തിലായി. പിന്നീട് വിദേശ നിക്ഷേപകർ സജീവമായതോടെ വീണ്ടും ശക്തമായി തിരിച്ചുകയറി.

എന്നാൽ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ഒക്‌ടോബർ മുതൽ ഓഹരികൾ കനത്ത തകർച്ച നേരിട്ടു. ആഭ്യന്തര നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകൾ വഴി നിക്ഷേപം ഒഴുക്കിയതാണ് പ്രതികൂല സാഹചര്യം മറികടക്കാൻ സഹായിച്ചത്. അതേസമയം ഇന്നലെ സെൻസെക്സ് 450 പോയിന്റും നിഫ്‌റ്റി 168.5 പോയിന്റും നഷ്‌ടം നേരിട്ടു.

കമ്പനികളുടെ ലാഭം കുറയുന്നു

ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വരുമാനത്തിലും പ്രതീക്ഷിച്ച വർദ്ധന നേടാതിരുന്നതാണ് നിക്ഷേപകരെ നിരാശരാക്കുന്നത്. റെയിൽവേ, പ്രതിരോധം, ഐ.ടി, ബാങ്കിംഗ് മേഖലകളിലെ ഓഹരികൾ നിക്ഷേപകർക്ക് മികച്ച വരുമാനം നൽകി.

മ്യൂച്വൽ ഫണ്ട് ആസ്തി 70 ലക്ഷം കോടി രൂപയിലേക്ക്

ഓഹരി വിപണിയുടെ തിളക്കമാർന്ന മുന്നേറ്റം മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആവേശം പകരുന്നു. നടപ്പുവർഷം 5.6 കോടി പുതിയ ചെറുകിട നിക്ഷേപകരാണ് മ്യൂച്വൽ ഫണ്ടുകൾ വഴി വിപണിയിൽ പ്രവേശിച്ചത്. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) 2.4 ലക്ഷം കോടി രൂപയാണ് ചെറുകിട നിക്ഷേപകർ മുടക്കിയത്. വർഷാവസാനം മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ആസ്തി 70 ലക്ഷം കോടി രൂപ കവിഞ്ഞു.