
മദ്ധ്യപ്രദേശ്: ഭോപാലിലെ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽ അവശേഷിക്കുന്ന മാലിന്യം നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹൈക്കോടതി നർദ്ദേശത്തെ തുടർന്നാണിത്. ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെ പിതാംപൂരിലാണ് വിഷ മാലിന്യം സംസ്കരിക്കാനായി മാറ്റുന്നതെന്ന് സംസ്ഥാന ഗ്യാസ് റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പ് ഡയറക്ടർ സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ആയിരിക്കും കാര്യങ്ങൾ നടപ്പാക്കുകയെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈകോടതിയുടെ നിർദേശം കണക്കിലെടുത്ത് പ്രക്രിയ ഉടൻ ആരംഭിക്കാമെന്നും ജനുവരി 3നകം മാലിന്യം ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. മാലിന്യത്തിന്റെ ഒരു ഭാഗം പീതാമ്പൂരിലെ ഡിസ്പോസൽ യൂണിറ്റിൽ കത്തിച്ച് അവശിഷ്ടം ശാസ്ത്രീയമായി പരിശോധിച്ച് വിലയിരുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷാംശം കണ്ടെത്തിയില്ലെങ്കിൽ മൂന്ന് മാസത്തിനകം സംസ്കരണ നടപടികൾ പൂർത്തിയാക്കുമെന്നും അല്ലാത്തപക്ഷം, നടപടികൾ നീണ്ടുപോയേക്കുമെന്നും ആധികൃതർ അറിയിച്ചു. 1984ലെ വിഷവാതക ദുരന്തത്തിന് ശേഷം പ്രവർത്തനരഹിതമായ ഫാക്റ്ററിയിൽ 377 മെട്രികി ടൺ മാലിന്യമാണുള്ളത്. 
ഞായറാഴ്ചയാണ് പ്രത്യേകം കണ്ടെയ്നറും ജി.പി.എസും ഘടിപ്പിച്ച ട്രക്കുകൾ ഫാക്ടറിയിലെത്തിയത്. പി.പി.ഇ കിറ്റുകൾ ധരിച്ച് തൊഴിലാളികളും ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷന്റെ ഉദ്യോഗസ്ഥരും പരിസ്ഥിതി ഏജൻസികളും ഡോക്ടർമാരും ഇൻസിനറേഷൻ വിദഗ്ധരും സൈറ്റിൽ എത്തിയിരുന്നു. ഫാക്ടറിക്ക് ചുറ്റും പൊലീസും വിന്യസിച്ചിരിക്കുകയാണ്.വിഷവാതകദുരന്തം നടന്ന് നാല് പതിറ്റാണ്ടിനു ശേഷവും മറ്റൊരു ദുരന്തത്തിന് കാരണമായേക്കാവുന്ന വിഷമാലിന്യം ഫാക്ടറിയിൽ നിക്ഷേപിച്ചിരിക്കുന്നതിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി ആശങ്കപ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഡിസംബർ 3ന് ഹൈക്കോടതി ഫാക്ടറിയിൽ നിന്ന് വിഷ മാലിന്യങ്ങൾ മാറ്റാൻ നാലാഴ്ചത്തെ സമയപരിധി അനുവദിക്കുകയും നിർദ്ദേശം പാലിച്ചില്ലെങ്കിൽ സർക്കാരിന് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. 1984 ഡിസംബർ 2 അർദ്ധരാത്രിയിലാണ് യൂണിയൻ കാബൈഡ് ഫാക്ടറിയിൽ നിന്ന് മീഥൈൽ ഐസോസയനേറ്റ് ചാർന്നത്. ദുരന്തത്തിൽ 5,479 പേർ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളും ദീർഘകാല വൈകല്യങ്ങളും ഉണ്ടാകുകയും ചെയ്തു.