
നോയിഡ: മുൻ ഐ.ജി നിര്യാതനായ ഹരിശങ്കർ മിശ്രയുടെ യഥാർത്ഥ ഭാര്യ ആര്? കോടികൾ വിലമതിക്കുന്ന മിശ്രയുടെ ബംഗ്ളാവും സ്വത്തുക്കളും ആർക്കു നൽകും? ആകെ ആശയക്കുഴപ്പത്തിലാണ് നോയിഡ നഗരസഭാധികൃതർ. മൂന്ന് സ്ത്രീകളാണ് മിശ്രയുടെ ഭാര്യയെന്ന് അവകാശപ്പെട്ട് ബംഗ്ളാവിനും സ്വത്തുക്കൾക്കുമായി അധികൃതർക്ക് മുന്നിലെത്തിയത്. വിവാഹ രേഖയും മൂന്നുപേരും ഹാജരാക്കി. നോയിഡ സെക്ടർ 62ലാണ് കോടികൾ വിലവരുന്ന ബഹുനില ബംഗ്ളാവ്. കരൾ രോഗത്തെ തുടർന്ന് ഈ വർഷം ജൂലായിലാണ് മിശ്ര മരിച്ചത്.
തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ എന്ന് അവകാശവുമായി ഷീബ ശിഖ എന്ന സ്ത്രീ രംഗത്തെത്തി. വിവാഹ സർട്ടിഫിക്കറ്റും മിശ്രയുടെ മരണ സർട്ടിഫിക്കറ്റും ഷീബയുടെ പക്കലുണ്ട്.
അതോടെ സ്വത്തുക്കൾ ഡിസംബർ 4-ന് ഷിബയുടെ പേരിലേക്ക് മാറ്റി. ഇതിനിടെ, അനിത മിശ്രയെന്ന സ്ത്രീ, താനാണ് ഹരിശങ്കറിന്റെ യഥാർത്ഥ ഭാര്യയെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. വിവാഹ സർട്ടിഫിക്കറ്റും ആൽബവും ഹാജരാക്കി. തീർന്നില്ല. മൂന്നാമതൊരു സ്ത്രീയും അവകാശ വാദവുമായി കഴിഞ്ഞ ദിവസം കോർപ്പറേഷൻ അധികൃതരെ സമീപിച്ചു. തന്റെ അമ്മയെ 27 വർഷം മുമ്പ് ഹരിശങ്കർ വാവഹം കഴിച്ചെന്നും ബംഗ്ളാവ് തങ്ങൾക്കു തന്നെ കിട്ടണമെന്നാണ് ആവശ്യം. ഇതോടെ ഷീബയുടെ പേരിലേക്ക് സ്വത്തുക്കൾ കൈമാറ്റം ചെയ്ത നടപടി റദ്ദാക്കി. മൂന്നുപേരുടെ കൈയിലും വിവാഹ സർട്ടിഫിക്കറ്റുള്ളതാണ് അധികൃതരെ കുഴക്കുന്നത്. ഇവയുടെ ആധികാരികത പരിശോധിച്ച് വരികയാണ്. പൊലീസും സമഗ്ര അന്വേഷണം തുടങ്ങിയിട്ടുണ്ട്.