d

കൊച്ചി : പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു. കൊച്ചിയിൽ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തും. ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം 1000 പൊലീസുകാരെ വിന്യസിക്കുമെന്നും കമ്മിഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളിഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റൽ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മിഷണർ പറഞ്ഞു.

ഫോർട്ട് കൊച്ചിയിലേക്കുള്ള റോറോ സർ‌വീസും വാട്ടർ മെട്രോ സർവീസും ഏഴുമണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പുതുവ‌ർഷ ആഘോഷങ്ങൾക്ക് ശേഷം തിരിച്ചുപോകുന്നവർക്കായി ഗതാഗത സംവിധാനം ഒരുക്കാൻ ശ്രമിക്കും. പുറമേ നിന്നെത്തുന്നവർക്കായി ഫോർട്ട് കൊച്ചിയിൽ 18 പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കും. അവിടെ പാർക്കിംഗ് ഫിൽ ആയാൽ മട്ടാഞ്ചേരിയിലും പാർക്കിംഗ് സൗകര്യം ഒരുക്കും. അവിടെയും വാഹനങ്ങൾ നിറഞ്ഞാൽ ബി.ഒ.ടി പാലം വഴി വാഹനങ്ങൾ കടത്തിവിടില്ലെന്നും കമ്മിഷണർ അറിയിച്ചു.