wayand

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതായി കേന്ദ്രസർക്കാർ‌ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതിയാണ് ഉരുൾപൊട്ടൽ ദുരന്തത്തെ അതീതീവ്ര ദുരന്തമായി അംഗീകരിച്ചത്. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. അതേസമയം കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തിൽ കേന്ദ്രം പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‌ത, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്‌വാളിന് അയച്ച കത്തിലാണ് വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്. ഇക്കാര്യം പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിതീവ്ര ദുരന്തമായാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്നുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുകയെന്നും അത് കൈമാറിയെന്നും കത്തിൽ വ്യക്തമാക്കുന്നു.

അന്തർ മന്ത്രാലയ സമിതിയുടെ ശുപാർശ അടക്കം പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്ന് അധിക സഹായത്തിന് അർഹതയുണ്ടെന്നും കേന്ദ്രം അറിയിക്കുന്നു.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള 23 എം.പിമാർ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് വയനാടിന് ഉടൻ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉടനുണ്ടാകുമെന്ന മറുപടി ലഭിച്ചിരുന്നു. ആവശ്യം അടുത്ത ബഡ്‌ജറ്റിൽ ഉൾപ്പെടുത്തണമെന്നും കേരളം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച യാതൊരു സൂചനയും കത്തിലിലില്ല.