
ചെന്നൈ: നടനും തമിഴ് വെട്രികഴകം നേതാവുമായ വിജയ് രാജ്ഭവനിലെത്തി ഗവർണർ ആർ.എൻ. രവിയുമായി കൂടിക്കാഴ്ച നടത്തി. അണ്ണാ സർവകലാശാല ക്യാമ്പസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ക്രമസമാധാനവും സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിന് ഇടപെടണം എന്നിവ ഉന്നയിച്ച് നിവേദനവും നൽകി. പാർട്ടി ട്രഷറർ വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്നു.
ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ, സർവകലാശാല വിദ്യാർത്ഥിനികൾക്ക് സ്വന്തം കൈപ്പടയിൽ വിജയ് കത്തുമെഴുതി. 'തമിഴ്‌നാടിന്റെ സഹോദരിമാർക്ക്' എന്ന് ആരംഭിച്ച കത്തിൽ ഏതു സാഹചര്യത്തിലും സംരക്ഷിക്കുമെന്നും സഹോദരനായി ഒപ്പമുണ്ടാകുമെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് പറയുന്നു. പാർട്ടിയുടെ ലെറ്റർഹെഡിലെഴുതിയ കത്ത് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഡി.എം.കെ സർക്കാരിനെയും കത്തിൽ വിമർശിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി എമർജൻസി ബട്ടൺ, സി.സി ടിവി, മൊബൈൽ ആപ്പ് എന്നിവ വേണം. ഇവയ്ക്കായി നിർഭയ ഫണ്ട് പ്രയോജനപ്പെടുത്തണമെന്നും വിജയ് ആവശ്യപ്പെട്ടു.
അതിനിടെ ദേശീയ വനിതാ കമ്മിഷൻ നിയോഗിച്ച രണ്ടംഗ സമിതി ക്യാമ്പസിൽ തെളിവെടുപ്പ് തുടങ്ങി.