
മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു നടി മീന. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ നായികയായിരുന്നു അവര്‍. തെലുങ്കിലും തമിഴിലും കന്നഡയിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടവള്‍ കൂടിയാണ്. 2009ല്‍ ആണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ വിദ്യാസാഗറിനെ നടി വിവാഹം ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടുവെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം.
അതേസമയം, ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ മീന വീണ്ടും വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഭര്‍ത്താവ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം നടി വീണ്ടും അഭിനയരംഗത്ത് സജീവമായതോടെയാണ് പുനര്‍വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചത്. സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള ചിലരുടെ പേരുകളും അഭ്യൂഹമായി ഉയര്‍ന്നിരുന്നു.
ഈ വിഷയത്തോട് മീനയുടെ അടുത്ത സുഹൃത്തും നടനുമായ ശരത് കുമാര്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലോകം മുഴുവന്‍ സോഷ്യല്‍ മീഡിയയും ടെക്നോളജിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇതുപോലെയുള്ള കഥകളൊക്കെ വരാന്‍ തുടങ്ങിയത്. മുന്‍പുള്ള താരങ്ങള്‍ ദിവസവും എന്തൊക്കെ ചെയ്തിരുന്നു, എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നൊന്നും ആരും അറിഞ്ഞിട്ടില്ല. ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് എല്ലാവരും കമന്റും ചെയ്യും.
സെലിബ്രിറ്റികള്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നൊക്കെ ഇവരിങ്ങനെ പറയുകയാണ്. മീനയുടെ ജീവിതത്തെ കുറിച്ച് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ ഇവരൊക്കെ ആരാണ്. അവരുടെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് അവരല്ലേ, മറ്റുള്ളവര്‍ എന്തിനാണ് അവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്. എല്ലാവര്‍ക്കും വ്യക്തി സ്വതന്ത്ര്യമില്ലേ? അവരുടെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അറിയാമെന്നും അതില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നുമാണ് ശരത് കുമാര്‍ പറഞ്ഞത്.