klkata

കാലാവസ്ഥാ വ്യതിയാനം ലോകത്ത് അതിതീവ്രമഴയ്ക്കും ചുഴലിക്കാറ്റുകൾക്കും വെള്ളപ്പൊക്കത്തിനും കാരണമായേക്കാമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പ്രതീക്ഷിച്ചതിനെക്കൾ നേരത്തെ എത്തിയേക്കാമെന്ന് വേൾഡ് അറ്റ്ലസ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കടൽതീരത്തിനടുത്ത് താഴ്ന്ന നിരപ്പിൽ സ്ഥിതിചെയ്യുന്ന നഗരങ്ങൾ തീവ്രമഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ മുങ്ങാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ 2030ഓടെ ലോകത്തെ 9 നഗരങ്ങൾ അപ്രത്യക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മെട്രോ നഗരമായ കൊൽക്കത്തയും പട്ടികയിലുണ്ട്. ലോകത്തെ ചില നഗരങ്ങൾ ഭാഗികമായെങ്കിലും മുങ്ങിയേക്കാമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.

ഭക്ഷണ ലഭ്യത കുറയുക,​ ജലജന്യ രോഗങ്ങൾ ,​ പ്രളയം മൂലം കൃഷിനാശം,​ പകർച്ച വ്യാധികൾ തുടങ്ങിയവ അതിവേഗം ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് ചില നഗരങ്ങൾ പ്രതിരോധ നടപടികളിലേക്ക് കടന്നു തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ അവിടെയും ആഗോള താപനത്തിന്റെ പ്രശ്നങ്ങൾ ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഇതനുസരിച്ച് ലോകത്തിന്റെ പലഭാഗത്തും പ്രകൃതി ദുരന്തം ഉണ്ടാകാം.

അതേസമയം പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത അതിവേഗം മുങ്ങുന്നു എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മറ്റു നഗരങ്ങൾ പോലെ ദുരന്തം നേരിടാൻ കൊൽക്കത്ത ഒരുങ്ങിയിട്ടില്ല. കാലാവസ്ഥാ പ്രശ്നങ്ങൾ കൊൽക്കത്തയെ 2030ന് മുമ്പ് തന്നെ ദുരിതത്തിലേക്ക് തള്ളിവിട്ടേക്കാം എന്നാണ് പ്രവചനം.

ലോകത്തെ പ്രശസ്ത ബീച്ച് നഗരമായ അമേരിക്കയിലെ മിയാമിയാണ് അപ്രത്യക്ഷമാകുന്ന നഗരങ്ങളിൽ ഒന്ന്,​അടുത്ത ഏതാനും വർഷങ്ങൾക്കിടയിൽ തന്നെ മിയാമിയിലെ ബീച്ചുകളെല്ലാം കടലെടുക്കാം എന്ന് പറയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് കേവലം 1.5 മീറ്റർ ഉയരെയുള്ള തായ്ലാൻഡ് നഗരമായ ബാങ്കോക്ക്,​ സ്വപ്നനഗരമായ നെതർലാൻഡ്‌സിലെ ആംസ്റ്റർഡാം,​ ഇറാക്കിലെ തുറമുഖ നഗരമായ ബസ്ര,​ കരീബിയൻ നഗരമായ ഗയാനയിലെ ജോർജ് ‌ടൗൺ,​ വിയറ്റ് നാം നഗരമായ ഹോ ചി മിൻ സിറ്റി,​ അമേരിക്കൻ നഗരമായ ന്യൂ ഓർലിൻസ്,​ ഇറ്റാലിയൻ നഗരമായ വെനീസ് എന്നിവയാണ് ഗുരുതര വെല്ലുവിളികൾ നേരിടുന്ന മറ്റ് നഗരങ്ങൾ. പ്രതിരോധ നടപടികൾ ഉടനടി ചെയ്തില്ലെങ്കിൽ വൻദുരന്തത്തിലേക്ക് വഴിതെളിക്കുമെന്നും ലോകം ഒറ്റക്കെട്ടായി ഇത്തരം പ്രശ്നങ്ങളെ നേരിടണമെന്നും റിപ്പോർട്ടിൽ പറയുന്നു.