sports

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും കൈവിടുന്നതിന്റെ വക്കിലാണ് ഇന്ത്യ. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയാക്കിയാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ കഴിയും. ഡബ്ല്യു.ടി.സി ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ശ്രീലങ്ക ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണം.

മെല്‍ബണില്‍ മത്സരം വിജയിക്കാനുള്ള സാദ്ധ്യതയും അവസരവും ഇന്ത്യ കൈവിടുകയായിരുന്നു. അവസാന ദിവസം സമനില ലക്ഷ്യമിട്ട് ബാറ്റ് ചെയ്ത ഇന്ത്യയെ പാറ്റ് കമ്മിന്‍സും സംഘവും എറിഞ്ഞിടുകയായിരുന്നു. പരമ്പരയില്‍ 2-1ന് പിന്നിലായതോടെ ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ആരാധകരും മുന്‍ താരങ്ങളും ഉന്നയിക്കുന്നത്. ഇപ്പോഴിതാ സിഡ്‌നി ടെസ്റ്റില്‍ രക്ഷപ്പെടണമെങ്കില്‍ ഇന്ത്യ എന്ത് ചെയ്യണമെന്ന് പറയുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

അത്യാവശ്യമായി ഇന്ത്യ ചെയ്യേണ്ടത് രണ്ട് താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുകയാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. പരമ്പരയിലുടനീളം ഇന്ത്യയുടെ ബൗളിംഗ് ജസ്പ്രീത് ബുംറയെ മാത്രം ആശ്രയിച്ചായിരുന്നുവെന്നും പിന്തുണ നല്‍കാന്‍ കഴിയാത്ത മുഹമ്മദ് സിറാജിനേയും ആകാശ് ദീപിനേയും സിഡ്‌നിയില്‍ കളിപ്പിക്കരുതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ല്‍ ഇതുവരെ 29 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുഹമ്മദ് സിറാജ്, ആകാശ് ദീപ് തുടങ്ങിയവരുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നു. അവര്‍ മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയപെട്ടു. അടുത്ത ടെസ്റ്റില്‍ ഇന്ത്യ പുതിയ താരങ്ങളെ പരീക്ഷിക്കണം'' അദ്ദേഹം പറഞ്ഞു. അതേസമയം സീനിയര്‍ ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി എന്നിവര്‍ വിരമിക്കണമെന്നും റിഷഭ് പന്തിനെ പുറത്താക്കണമെന്നും ആരാധകരും ആവശ്യപ്പെടുന്നുണ്ട്.