food

വിഴിഞ്ഞം: ചിപ്പി കോളനികള്‍ മണ്‍മറഞ്ഞതോടെ കടല്‍ ചിപ്പി ലഭ്യത കുറയുന്നു.വിത്ത് ചിപ്പിയുടെ അമിതോപയോഗമാണ് ചിപ്പി ലഭ്യതയുടെ കുറവിന് കാരണമെന്ന് ചിപ്പി തൊഴിലാളികള്‍ പറയുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുലഭമായി ലഭിച്ചിരുന്ന വലിയ ചിപ്പികള്‍ (മുതുവ) കഴിഞ്ഞ രണ്ട് വര്‍ഷമായി ലഭിക്കാറില്ല. ഇത്തവണ ചിപ്പിയെടുക്കാന്‍ വിഴിഞ്ഞം പ്രദേശത്തെ കടലില്‍ ഇറങ്ങിയവര്‍ക്ക് ലഭിച്ചത് വളരെ കുറച്ച് ചിപ്പികളാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ലഭിച്ചതിനാകട്ടെ വന്‍ വിലയും 100 ചിപ്പി 2000ത്തോളം രൂപയ്ക്കാണ് വിറ്റുപോയത്.

ഒരു ചെറിയ ചിപ്പി വളര്‍ന്ന് വലുതാകാന്‍ ഒന്നര വര്‍ഷത്തോളമെടുക്കും. എന്നാല്‍ എല്ലാ വര്‍ഷവും വളര്‍ച്ചയെത്തും മുന്‍പ് തന്നെ ഇവയെ പിടികൂടുകയാണ്. സാധാരണയായി രണ്ടിനം ചിപ്പികളാണ് കേരളത്തീരത്തെ കടലുകളില്‍ കാണുന്നത് പച്ച, ബ്രൗണ്‍ എന്നീ നിറത്തോടുകൂടിയ പുറംതോടുള്ളവയാണിവ. ഇതില്‍ വര്‍ക്കല മുതല്‍ പൂവാര്‍ വരെയുള്ള കടല്‍ത്തീരങ്ങളില്‍ ബ്രൗണ്‍ നിറത്തോടുകൂടിയ ചിപ്പിയാണ് കാണപ്പെടുന്നത്. ഈ ഭാഗത്തെ കടലിന്റെ അടിത്തട്ടില്‍ ചെളി കുറഞ്ഞ് മണല്‍പ്പരപ്പ് ആയതിനാല്‍ ഇവയ്ക്ക് രുചിയും കൂടുതലാണ്.മറ്റ് സ്ഥലങ്ങളിലേത് കൂടുതലും അടിത്തട്ടില്‍ ചെളിയോടുകൂടിയ സ്ഥലത്ത് വളരുന്നതിനാല്‍ രുചിയും കുറവാണ്.വിഴിഞ്ഞം ചിപ്പിക്ക് പ്രദേശിക മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്.

കടല്‍ ചിപ്പി

കടലില്‍ പാറക്കെട്ടുകളിലും പരുപരുത്ത പ്രതലങ്ങളിലും ഇവയുടെ ബൈസെല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന നാരുപോലുള്ള വസ്തു ഉപയോഗിച്ച് പറ്റിപ്പിടിച്ചിരിക്കുന്നു.കടല്‍ മലിനീകരണം ചെറുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സൂക്ഷ്മ പ്ലാസ്റ്റിക്കുകളെയും കടല്‍ മാലിന്യങ്ങളെയും ഭക്ഷിച്ച് അവശേഷിക്കുന്ന ജലം ശുദ്ധീകരിച്ച് പുറംതള്ളുന്നു.ഇങ്ങനെ ഒരു ദിവസം 25 ലിറ്ററോളം ജലം ശുദ്ധീകരിക്കാന്‍ കഴിവുണ്ട്. ഇവയുടെ മാംസത്തിന് കാത്സ്യം കൂടുതലാണ്.