car

പുതുവര്‍ഷത്തെ ആവേശത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. വിവിധ മേഖലകള്‍ പുതിയ വര്‍ഷത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതോടൊപ്പം തന്നെ പോയ വര്‍ഷത്തെ കാര്യങ്ങളുടെ വിലയിരുത്തലും നടക്കുന്നുണ്ട്. സമാനമാണ് വാഹന വിപണിയിലെ കാര്യങ്ങളും. 2024ല്‍ ആളുകള്‍ വാഹനം വാങ്ങുന്നതിനും സ്വന്തമാക്കുന്നതിനും പുതിയ ട്രെന്‍ഡ് രൂപപ്പെടുകയും ചെയ്തിരുന്നു. സ്മാര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളാണ് പോയ വര്‍ഷം കൂടുതല്‍ വില്‍പ്പന നടന്നത്.

ഇന്ത്യയിലെ കാര്‍ വിപണിയിലെ വില്‍പ്പന നേട്ടങ്ങള്‍ പരിശോധിച്ചാല്‍ മാരുതിയുടെ കുത്തകയ്ക്ക് വെല്ലുവിളി നേരിട്ട വര്‍ഷം കൂടിയാണ് 2024. ഇന്ത്യക്കാര്‍ക്ക് കാറെന്നാല്‍ അത് മാരുതി സുസൂക്കിയാണ്. അതുകൊണ്ട് തന്നെ കാലങ്ങളായി ഏറ്റവും അധികം വിറ്റുപോകുന്നതും ഈ കമ്പനിയുടെ വണ്ടികള്‍ തന്നെയാണ്. എന്നാല്‍ ഈ വര്‍ഷം ഏറ്റവും അധികം വിറ്റുപോയ മോഡല്‍ മാരുതിയുടേതല്ല എന്നതാണ് ഞെട്ടലുണ്ടാക്കുന്ന യാഥാര്‍ത്ഥ്യം.

മുന്‍ വര്‍ഷം (2023ല്‍) ഏറ്റവും അധികം വിറ്റുപോയത് മാരുതിയുടെ സ്വിഫ്റ്റ് എന്ന മോഡലാണ്. 2023ല്‍ 2,03,469 സ്വിഫ്റ്റ് കാറുകളാണ് വിറ്റത്. ഈ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയതാകട്ടെ ടാറ്റയുടെ കോമ്പാക്ട് എസ് യു വി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 'ടാറ്റ പഞ്ച്' ആണ്. 2024ല്‍ 2,00,678 കാറുകളുടെ വില്‍പ്പനയുമായി ടാറ്റ പഞ്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. 2023-ല്‍ ഏഴാം സ്ഥാനത്തായിരുന്നു പഞ്ച്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് ഈ വര്‍ഷം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഇടംപിടിച്ചില്ല.

മാരുതിയുടെ ടോള്‍ബോയ് ഹാച്ച്ബാക്കായ വാഗണ്‍ആര്‍ ആണ് രണ്ടാമത്. ഈ വര്‍ഷം 187,200 യൂണിറ്റാണ് വാഗണ്‍ആറിന്റെ വില്‍പ്പന. ഹ്യുണ്ടായിയുടെ ജനപ്രിയ മിഡ്സൈസ് എസ്യുവിയായ ക്രെറ്റ 183782 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാമതെത്തി. മാരുതി എര്‍ട്ടിഗയും മാരുതി ബ്രെസയുമാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍. ഈ കാറുകള്‍ യഥാക്രമം 183762, 183718 യൂണിറ്റ് വില്‍പ്പന നേട്ടം കൈവരിച്ചു.