tvm

കാർബൺ ന്യൂട്രൽ നഗരമെന്ന ലക്ഷ്യത്തിലെത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ തിരുവനന്തപുരം നഗരസഭ. വേൾഡ് റിസോഴ്സ് ഒഫ് ഇന്ത്യ, എനർജി മാനേജ്മെന്റ് സെന്റർ, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ എന്നിവരുമായി നഗരസഭ ആദ്യ വട്ട ചർച്ചകൾ നടത്തി. കാർബൺ രഹിതമാക്കാനുള്ള ഊർജ്ജ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള ചർച്ചയും നടന്നു. നിർമ്മിക്കാനൊരുങ്ങുന്ന വലിയ കെട്ടിടങ്ങൾ,വീടുകൾ എന്നിവയിൽ ഊർജ്ജസംരക്ഷണം, കാർബൺ രഹിത പ്രവർത്തനങ്ങൾ എന്നിവ എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നും ചർച്ചയിൽ ഉയർന്നു. നഗരത്തിലെ പ്രധാന ബിൽഡർമാരും ആർക്കിടെക്ടുകളും ചർച്ചയിൽ പങ്കെടുത്തു. കൂടാതെ കേന്ദ്ര സർക്കാരിന്റെ ഊർജ്ജ സംരക്ഷണത്തിന് വേണ്ടിയുള്ള കെട്ടിട നിർമ്മാണ ചട്ടവും കൂടുതൽ പ്രായോഗികമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനെപ്പറ്റിയും ച‌ർച്ച ചെയ്തു. ഇതിനെപ്പറ്റിയുള്ള പഠനവും ആരംഭിച്ചു.

 കെട്ടിട നിർമ്മാണം

ഏറ്രവും കൂടുതൽ ഊർജ്ജം നഷ്ടമാകുന്നത് വൈദ്യുതി വഴിയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ അതിനെ ചെറുക്കാൻ പല വീടുകളിലും എ.സി, കൂളർ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇവയിലൂടെ വലിയ അളവിൽ വൈദ്യുതിയാണ് പാഴാകുന്നത്. ഇത് തടയാൻ വീടുകൾ നിർമ്മിക്കുമ്പോൾ ചൂട് കുറയ്ക്കാൻ കെട്ടിട നിർമ്മാണ രീതിയിൽ മാറ്റം വരുത്തണം. കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ചൂട് കൂടുതൽ ഏൽക്കാത്ത വസ്തുക്കൾ, സൂര്യ പ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിലുള്ള നിർമ്മാണം എന്നിവ ചർച്ചയിൽ ഉയർന്നു. ഇത് നടപ്പാക്കുന്നതിന് വേണ്ടി പുതിയ വർക്കിംഗ് ഗ്രൂപ്പുകളും ഉടൻ ആരംഭിക്കും.

വായുമലിനീകരണം കുറഞ്ഞ നഗരം

രാജ്യത്ത് മികച്ച വായുഗുണനിലവാരമുള്ള നഗരമായി തിരുവനന്തപുരം മാറിക്കഴിഞ്ഞു. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണിത്. 65ആണ് തിരുവനന്തപുരത്തിന്റെ വായുഗുണനിലവാര സൂചിക. ഡൽഹി -310, മുംബയ് -150, ചെന്നൈ- 90, കൊച്ചി -80 എന്നിങ്ങനെയാണ് കണക്ക്. 2035ഓടെ നടപ്പാകുമെന്ന പ്രതീക്ഷയിൽ ആരംഭിച്ച കാർബൺ ന്യൂട്രൽ നഗരം എന്ന പദ്ധതിയുടെ പ്രവർത്തനങ്ങളും നഗരത്തിൽ മലിനീകരണതോത് കുറച്ചിട്ടുണ്ട്.
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 115 വൈദ്യുതി ബസുകൾ പൊതുഗതാഗതത്തിന് വാങ്ങി നൽകി. നഗരത്തിലുടനീളം 1.3 ലക്ഷം സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കും. മുഴുവൻ തെരുവുവിളക്കും എൽ.ഇ.ഡിയിലേക്ക് മാറ്റുകയും ചെയ്താണ് നഗരസഭ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനം തുടരുന്നത്.