uma-thomas

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഉമാ തോമസിന്റെ മകൻ ആശുപത്രിയിലെത്തി സന്ദർശിച്ചതിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഉമാ തോമസ് കണ്ണുതുറന്നുവെന്നും കൈകാലുകൾ അനക്കിയെന്നും വെള്ളം ചോദിച്ചുവെന്നുമാണ് മകൻ പറഞ്ഞത്.

പത്ത് മണിക്കുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്‌ടർമാർ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും. അപകടത്തെത്തുടർന്ന് ഉമാ തോമസ് അബോധാവസ്ഥയിൽ തുടരുകയായിരുന്നു ഇതുവരെ. എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടെന്ന് കഴിഞ്ഞദിവസം ഡോക്‌ടർമാർ അറിയിച്ചിരുന്നു. തലയിലേറ്റ പരിക്കുകൾ ഭേദമാകുന്നു. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതിലും മാറ്റം കാണുന്നുണ്ട്. ഇന്നലെരാത്രിയും എംഎൽഎയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിരുന്നു. നട്ടെല്ലിനും വാരിയെല്ലുകൾക്കും മുഖത്തെ അസ്ഥികൾക്കും കാലിനും പരിക്കുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. കൊച്ചി റിനൈ മെഡിസിറ്റിയിലാണ് ഉമാ തോമസ് ചികിത്സയിൽ കഴിയുന്നത്.

ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ അണിനിരന്ന നൃത്തപരിപാടിക്കിടെയാണ് അപകടമുണ്ടായത്. കലൂർ ജവർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വി.ഐ.പി ഗ്യാലറിയിൽ നിന്ന് 18 അടിയോളം താഴ്ചയിലേക്ക് ഉമാ തോമസ് വീഴുകയായിരുന്നു. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാന്റെയും മറ്റും കൺമുന്നിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കലൂരിൽ സ്റ്റേജ് കെട്ടിയത് ലാഘവത്തോടെയാണ്. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. ഗൺമാൻ അക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. സങ്കടകരമായ അപകടമാണ് ഉണ്ടായതെന്നും സജി ചെറിയാൻ പ്രതികരിച്ചിരുന്നു.