
ചെന്നൈ: അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് സ്മാര്‍ട്ട് വൈദ്യുത മീറ്ററുകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടികളില്‍ നിന്ന് പിന്‍മാറി തമിഴ്‌നാട്. 82 ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നടപടികളാണ് തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ (tangedco) റദ്ദാക്കിയത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് ക്വാട്ട് ചെയ്ത തുക വളരെ കൂടുതലാണെന്ന് കാണിച്ചാണ് റദ്ദാക്കല്‍ നടപടി.
തമിഴ്‌നാട്ടിലെ എട്ട് ജില്ലകളിലായി 82 ലക്ഷം സ്മാര്‍ട് മീറ്ററുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. മൊത്തം നാല് കമ്പനികളാണ് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തത്. ഇതില്‍ ഏറ്റവും കുറവ് തുകയ്ക്ക് ബിഡ് ചെയ്തത് അദാനി ഗ്രൂപ്പ് ആയിരുന്നു. ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനായി തിരഞ്ഞെടുത്തിരുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അദാനി ഗ്രൂപ്പുമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് നിശ്ചയിച്ച തുക കൂടുതലാണെന്നും ഇത് കുറയ്ക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടുവെങ്കിലും ഇതിന് അദാനി ഗ്രൂപ്പ് വഴങ്ങിയില്ല. അദാനി മുന്നോട്ടുവച്ച നിരക്കില്‍ പദ്ധതി മുന്നോട്ട് പോയാല്‍ അത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് തമിഴ്‌നാടിന്റെ വാദം. അതേസമയം, അദാനിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉണ്ടായ നടപടികളെ തുടര്‍ന്നല്ല ടെന്‍ഡര്‍ റദ്ദാക്കിയതെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു.