flight

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ദാരുണമായ രണ്ട് വിമാനാപകടങ്ങളാണ് ഉണ്ടായത്. കസാഖിസ്ഥാനിലെയും ദക്ഷിണകൊറിയയിലെയും അപകടത്തിന് ശേഷം യാത്രക്കാരെല്ലാം തെരയുന്നത് ഒരൊറ്റ കാര്യമാണ്. വിമാനത്തിന്റെ ഏത് ഭാഗത്തിരുന്നാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടാം എന്നതാണത്. സമൂഹമാദ്ധ്യമങ്ങളിലൂടെയും പലരും ഈ ചോദ്യം ഉയർത്തുന്നുണ്ട്.

രണ്ട് അപകടങ്ങളിലും വിമാനത്തിന്റെ പിൻഭാഗത്ത് ഇരുന്നവരാണ് രക്ഷപ്പെട്ടതെന്നാണ് കണ്ടെത്തൽ. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ അതോ ശരിക്കും വിമാനത്തിന്റെ പിൻഭാഗമാണോ കൂടുതൽ സുരക്ഷിതം എന്ന സംശയമാണ് ഉയരുന്നത്. മുൻ അപകടങ്ങളെയെല്ലാം വിശകലനം ചെയ്‌താണ് പലരും ചർച്ചകൾ നടത്തുന്നത്. ഈ സംശയങ്ങളിൽ കാര്യമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കയുടെ ഏവിയേഷൻ ഡിസാസ്റ്റർ ലോയിലെ റിപ്പോർട്ട് പ്രകാരം, വിമാനത്തിന്റെ പിൻഭാഗത്ത് ഇരിക്കുന്നവർ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

ലോകം നടുങ്ങിയ രണ്ട് ദുരന്തങ്ങൾ

ഡിസംബർ 25നാണ് ലോകത്തെ തന്നെ നടുക്കിക്കൊണ്ട് അസർബൈജാൻ എയർലൈൻസ് വിമാനം കസാഖിസ്ഥാനിലെ അക്തൗവിന് സമീപം തകർന്ന് വീണത്. ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 67പേരിൽ 38പേരും മരിച്ചു. ഈ വിമാനം ഭാഗികമായാണ് തകർന്നത്. അതിനാൽ പിൻഭാഗത്തുണ്ടായിരുന്ന പകുതിപേർക്ക് ജീവൻ തിരികെ കിട്ടി.

plane-crash

അധികദിവസങ്ങൾ കഴിഞ്ഞില്ല. ഡിസംബർ 29ന് ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട ജെജു എയർ ബോയിംഗ് 737-800 വിമാനം ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെ തകർന്ന് വീണു. ദൗർഭാഗ്യകരമായ ഈ ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 181പേരിൽ വെറും രണ്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്.

ലാൻഡിംഗ് ഗിയർ തകരാറിലായ വിമാനം ബെല്ലി ലാൻഡിംഗിന് ശ്രമിച്ചു. ഈ അടിയന്തര നീക്കത്തിനിടെയാണ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വിമാനത്താവളത്തിന്റെ ചുറ്റുമതിലിൽ ഇടിച്ചത്. രക്ഷപ്പെട്ട രണ്ടുപേരെ വിമാനത്തിന്റെ പിൻഭാഗത്ത് നിന്നാണ് പുറത്തെടുത്തത്. ഇതിൽ നിന്നും വിമാനത്തിന്റെ പിൻഭാഗത്ത് ഇരിക്കുന്നവർക്ക് അപകടമുണ്ടായാലും അതിജീവനത്തിനുള്ള സാദ്ധ്യത കൂടുതലാണെന്ന നിഗമനത്തിലെത്താം.

ആർക്കും വേണ്ടാത്ത മദ്ധ്യഭാഗത്തെ സീറ്റുകൾ

വിമാനത്തിന്റെ അവസാനത്തെ നിരയിലെ സീറ്റുകൾ ലഭിക്കുന്നത് പലർക്കും ഇഷ്‌ടമല്ല. അതുപോലെ തന്നെ മദ്ധ്യഭാഗത്തും. എന്നാൽ, 35 വർഷത്തെ വിമാനാപകടങ്ങളുടെ വിവരങ്ങൾ പരിശോധിക്കുകയാണെങ്കിൽ പിൻഭാഗത്തെ സീറ്റുകളിൽ ഇരുന്നവർ രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. 2015ലെ ടൈം മാഗസീനിലാണ് ഈ പഠനത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പിൻസീറ്റിലിരുന്ന് മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഈ പഠനത്തിൽ വെളിപ്പെട്ടിട്ടുണ്ട്. വിമാനത്തിൽ പിൻസീറ്റിലിരിക്കുന്നവരുടെ മരണനിരക്ക് 32 ശതമാനമാണ്. എന്നാൽ, മദ്ധ്യഭാഗത്ത് 39 ശതമാനവും മുൻവശത്ത് 38 ശതമാനവുമാണ്.

flight

2012 ഏപ്രിലിൽ മെക്‌സിക്കോയിലെ ടെലിവിഷൻ സ്റ്റുഡിയോകൾ പരീക്ഷണത്തിന്റെ ഭാഗമായി ഒരു വിമാനാപകടം സൃഷ്‌ടിച്ചു. ക്രാഷ് ടെസ്റ്റ് ഡമ്മികളും ശാസ്ത്രീയ ഉപകരണങ്ങളും ഉപയോഗിച്ച് സജ്ജീകരിച്ച ഒരു ബോയിംഗ് 727-200നെ ബോധപൂർവം തകർത്തു. വിമാനത്തിന്റെ മുൻഭാഗത്ത് ഇരിക്കുന്ന യാത്രക്കാർക്കാണ് കൂടുതൽ അപകടസാദ്ധ്യതയുള്ളതെന്ന് ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞു. ചിറകുകൾക്കരികിലുള്ള സീറ്റുകളിൽ ഇരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ജീവൻ തിരികെ കിട്ടാൻ സാദ്ധ്യതയുണ്ട്. എന്നാൽ, മുൻഭാഗത്തിരുന്നവർക്കെല്ലാം തന്നെ ജീവൻ നഷ്‌ടപ്പെടാനാണ് സാദ്ധ്യതയെന്നും കണ്ടെത്തി.

കൂടാതെ, പോപ്പുലർ മെക്കാനിക്‌സ് എന്ന മാഗസീൻ 1971 മുതൽ 2005 വരെ നടന്നിട്ടുള്ള വിമാനാപകടങ്ങൾ ബന്ധപ്പെടുത്തി ഒരു പഠനം നടത്തി. ഇതിലും മറ്റ് സീറ്റുകളിൽ ഇരിക്കുന്നവരെ അപേക്ഷിച്ച് പിൻഭാഗത്തിരിക്കുന്നവർ രക്ഷപ്പെടാനുള്ള സാദ്ധ്യത 40 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

ഇതെല്ലാം സാദ്ധ്യതകളാണ്, അതിനാൽതന്നെ ഏതുരീതിയിലാണ് വിമാനം അപകടപ്പെടുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിനുള്ളിലുള്ള യാത്രക്കാരുടെ രക്ഷപ്പെടൽ സാദ്ധ്യത വിലയിരുത്തൻ സാധിക്കുകയുള്ളു. അതേസമയം, ലോകത്ത് ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമെന്നാണ് പല പഠനങ്ങളിലും വിമാനയാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്. റോഡിനെയും കടൽമാർഗത്തെയും അപേക്ഷിച്ച് ആകാശയാത്രയിൽ അപകടസാദ്ധ്യതയും വളരെ കുറവാണ്.