s

മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട് മക്കൾ തമ്മിലുള്ള തർക്കത്തിന് ഇനിയും പരിഹാരമായിട്ടില്ല. ലോറൻസ് ജീവിച്ചിരുന്നപ്പോൾ, തന്റെ മരണശേഷം മൃതദേഹം എന്ത് ചെയ്യണമെന്ന് രേഖാമൂലം എഴുതിവയ്ക്കാതിരുന്നതാണ് തർക്കത്തിനിടയാക്കിയത്. ഇത്തരം തർക്കങ്ങളും ആശയക്കുഴപ്പവും ഒഴിവാക്കാൻ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിച്ച പ്രത്യേക കൗണ്ടർ സംസ്ഥാനത്താകെ ശ്രദ്ധനേടുന്നു. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ മരണത്തെ 'പിടിച്ചു നിറുത്താൻ' ആഗ്രഹിക്കാത്തവരുണ്ടാകും. ഐ.സി.യൂണിറ്റിലോ വെന്റിലേറ്ററിലോ നിരവധി ജീവൻ രക്ഷാ ഉപകരണങ്ങളുടെയും യന്ത്രസഹായത്തോടെയും ജീവൻപിടിച്ചു നിറുത്തുന്ന രീതി ഇപ്പോൾ സർവ്വസാധാരണമാണ്. ജീവൻ നഷ്ടമായ ശേഷവും വെന്റിലേറ്ററിൽ ദിവസങ്ങളോളം കിടത്തി സ്വകാര്യ ആശുപത്രികൾ പണം പിടുങ്ങുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ഗുരുതര രോഗബാധയോ ചികിത്സിച്ച് ഭേദമാക്കാനാകാത്ത വിധമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ എന്ത് ചെയ്യണമെന്ന് ആ ആളിനു തന്നെ മുൻകൂട്ടി എഴുതി തയ്യാറാക്കി വയ്ക്കാവുന്ന ലിവിംഗ് വിൽ എന്ന പേരിലുള്ള താത്പര്യപത്രത്തിന് സമൂഹത്തിൽ സ്വീകാര്യത ഏറുകയാണ്. ഒരാൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കില്ലെന്ന അവസ്ഥയാണെങ്കിൽ ചികിത്സ നിറുത്തിവയ്ക്കുകയോ ചികിത്സയായി ഒന്നും ചെയ്യാതിരിക്കാനോ അയാൾ തന്നെ മുൻകൂട്ടി എഴുതി തയ്യാറാക്കി വയ്ക്കുന്ന നിയമപരമായ രേഖയാണിത്. 2018 മുതൽ തന്നെ ലിവിംഗ് വില്ലിന് സുപ്രീംകോടതിയുടെ അംഗീകാരവും നിയമസാധുതയും ഉണ്ടെങ്കിലും 2023 ജനുവരി 23 ന് അതിനുള്ള നടപടിക്രമങ്ങൾ സുപ്രീംകോടതി തന്നെ ലഘൂകരിച്ചതോടെയാണ് കൂടുതൽ പേർ ഇതിന് തയ്യാറായി മുന്നോട്ടെത്തുന്നതെന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഇതിന്റെ പ്രചാരണത്തിനും സാങ്കേതിക ഉപദേശം നൽകാനുമായി പ്രത്യേകം ഇൻഫർമേഷൻ സെന്ററും ഒരു നോഡൽ ഓഫീസറും ഇക്കഴിഞ്ഞ നവംബർ 1 മുതൽ പ്രവർത്തിച്ചു തുടങ്ങിയതോടെ ഡോക്ടർമാരും ജീവനക്കാരും അടക്കം 80 ലധികം പേർ താത്പര്യപത്രം നൽകിയത് ഈ മേഖലയിൽ പുതിയൊരു കാൽവയ്പാകുകയാണ്. കേരളത്തിൽ ഇതാദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ലിവിംഗ് വിൽ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. കൊല്ലത്തെ ഒരു കുടുംബത്തിൽപ്പെട്ട 65 പേരാണ് ലിവിംഗ് വിൽ എന്നതിൽ താത്പര്യപത്രം നൽകിയത്.

മരണശേഷം തന്റെ ഭൗതികദേഹം എന്ത് ചെയ്യണമെന്ന ആഗ്രഹം പലരും ബന്ധുക്കളോട് പറയാറുണ്ട്. എന്നാൽ എങ്ങനെയാവരുത് തന്റെ മരണമെന്ന് ഒരാൾക്ക് സ്വയം നിശ്ചയിക്കാമെന്നതാണ് ലിവിംഗ് വിൽ കൊണ്ടുദ്ദേശിക്കുന്നത്. മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായാകാം ജീവൻ നിലനിറുത്താൻ അവസാനവട്ട ശ്രമവും നടത്താൻ ആശുപത്രിയിലെ ചികിത്സകരോട് ആവശ്യപ്പെടുക. വെന്റിലേറ്ററിൽ മൂക്കിലും കഴുത്തിലും മാത്രമല്ല, മൂത്രത്തിനും ഒക്കെ ട്യൂബിട്ട് ജീവച്ഛവം പോലെ കിടക്കുന്ന അവസ്ഥ. ഭക്ഷണം കൊടുക്കാനായി വയറ്റിലും ഒരു ട്യൂബിടുന്നു. ദീർഘനാളായി ട്യൂബിലായതിനാൽ യൂറിനറി ഇൻഫക്ഷൻ വേറെ. ദിവസങ്ങൾ കഴിയുന്തോറും മക്കൾക്ക് മനസ് മാറിത്തുടങ്ങും. കൈയ്യിലെ കാശൊക്കെ തീരും, ഇത്രയും ചെയ്തിട്ടും രോഗിക്ക് ഒരു മാറ്റവും വരുന്നുമില്ല. ഈ അവസ്ഥയിൽ നിന്ന് വലിയ മാറ്റം വരാൻ സാദ്ധ്യതയില്ലെന്ന തിരിച്ചറിവ് വൈകിയുണ്ടാകും. ലക്ഷങ്ങൾ ചെലവാക്കിയിട്ടും രോഗിക്ക് ഒരു രീതിയിലുള്ള മാറ്റവുമില്ല. മരിച്ചതുമില്ല. മരിക്കാൻ അനുവദിക്കുകയുമില്ലെന്ന സ്ഥിതി.


ആരെയും തിരിച്ചറിയാനാകാതെ...

ആയുസിന്റെ 90 ശതമാനവും ജീവിച്ച മനുഷ്യരെ, ഒന്നും ഓർക്കാൻ കഴിയാതെ, ആരെയും തിരിച്ചറിയാൻ കഴിയാതെ, പരസഹായമില്ലാതെ ഉമിനീരിറക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ഒരുതരത്തിൽ ക്രൂരതയാണ്. ഇത്തരം സന്ദർഭങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ പല കാരണങ്ങൾ കൊണ്ടും ബന്ധുക്കൾക്ക് പ്രയാസമാകും. രോഗിയോടുള്ള വൈകാരികമായ അടുപ്പം, ചികിത്സിച്ചില്ലെന്ന കുറ്റബോധം, നാട്ടുകാരെന്ത് വിചാരിക്കുമെന്ന ചിന്ത ഇങ്ങനെ പല ഘടകങ്ങളും ആ സമയത്തെ തീരുമാനത്തെ സ്വാധീനിക്കും.
ജീവിതത്തിന്റെ അവസാന നാളുകളിൽ ആരെയും തിരിച്ചറിയാതെ, കുറെ ട്യൂബുകളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ ജീവൻ മാത്രം നീട്ടിക്കിട്ടുന്നതിനോട് താൽപ്പര്യമില്ലെന്ന തോന്നലുള്ളവർക്കാണ് ‘ലിവിംഗ് വിൽ’ ഉപകാരപ്രദമാകുന്നത്.


എന്താണ് ലിവിംഗ് വിൽ?

എങ്ങനെ എഴുതണം ?
ഒരാൾക്ക് രോഗം ബാധിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകില്ലെന്ന അവസ്ഥയാണെങ്കിൽ ചികിത്സ നിറുത്തിവയ്ക്കുകയോ ചികിത്സയായി ഒന്നും ചെയ്യാതിരിക്കാൻ അയാൾ തന്നെ നേരത്തേ എഴുതി വയ്ക്കുന്ന നിയമപരമായ രേഖയാണ് ലിവിംഗ് വിൽ. ഒരാൾ ജീവിച്ചിരിക്കുമ്പോൾ തന്റെ സ്വത്തുക്കൾ ഇഷ്ടക്കാർക്ക് നൽകുന്നതായി വിൽപ്പത്രം തയ്യാറാക്കി എഴുതി വയ്ക്കാറുണ്ട്. മുദ്രപത്രത്തിൽ തയ്യാറാക്കിയ രേഖ രജിസ്റ്റർ ചെയ്താൽ അതിന് ആധികാരികതയും നിയമസാധുതയും ഉണ്ടാകും. എന്നാൽ

മുദ്രപത്രമോ മറ്റു സർക്കാർ രേഖകളോ അപേക്ഷകളോ ഒന്നും ലിവിംഗ് വിൽ തയ്യാറാക്കാനാവശ്യമില്ല. ഒരു വെള്ളപ്പേപ്പറിൽ ആവശ്യം എന്താണോ അത് വ്യക്തമായി എഴുതിയാൽ മതി.
'ലിവിംഗ് വിൽ' എഴുതുന്ന ആളിന്റെ പ്രായം 18 വയസിന് മുകളിലായിരിക്കണം.
എഴുതുന്ന സമയത്ത് വസ്തുനിഷ്ഠമായി തീരുമാനങ്ങൾ എടുക്കാനുള്ള മാനസികാരോഗ്യം ഉള്ള ആളായിരിക്കണം. ആരുടെയെങ്കിലും നിർബന്ധമോ താൽപ്പര്യ പ്രകാരമോ ആകരുത് തീരുമാനമെങ്കിലും മക്കളുടെയോ ജീവിത പങ്കാളിയുടെയോ ഉറ്റ ബന്ധുക്കളുടെയോ സമ്മതത്തോടെ എഴുതുന്നതാകും ഉചിതം. ഏതൊക്കെ രോഗാവസ്ഥയിൽ ലിവിംഗ് വിൽ ഉപയോഗിക്കണമെന്നത് വ്യക്തമായി എഴുതണം. അതായത് രക്ഷപ്പെടുമെന്ന് ഉറപ്പില്ലെങ്കിൽ ഐ.സി.യുവിൽ കിടത്തരുത്, വെന്റിലേറ്റർ സപ്പോർട്ട് നൽകരുത്, ഡയാലിസിസ്, അവയവം മാറ്റി വയ്ക്കൽ പോലുള്ളവ ഒന്നും ചെയ്യേണ്ടതില്ല.
ചികിത്സിച്ചാൽ ഭേദമാകാത്ത കാൻസറാണെങ്കിൽ സർജറിയോ റേഡിയേഷനോ ചെയ്യരുത്. വേണ്ടി വന്നാൽ വേദന സംഹാരികൾ മാത്രം നൽകാം. പാലിയേറ്റീവ് കെയർ നൽകാം.
ഇക്കാര്യങ്ങൾ എഴുതിയത് അടുത്ത ബന്ധുക്കളോ നമുക്ക് അസുഖം വന്നാൽ തീരുമാനമെടുക്കാൻ ബാദ്ധ്യസ്ഥരോ ആയ രണ്ട് പേർ സാക്ഷ്യപ്പെടുത്തണം. മുതിർന്ന ആർക്കും സാക്ഷിയാവാം.
സാക്ഷ്യപ്പെടുത്തിയ രേഖ ഗസറ്റഡ് ഓഫീസറോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണം. അതോടെ നിയമപരമായ രേഖയായി അത് മാറും.
ഭാവിയിൽ ലിവിംഗ് വിൽ നൽകിയ ആൾ രോഗാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഈ രേഖ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കുക. അതിലെഴുതിയ പ്രകാരം ചികിത്സ നിശ്ചയിക്കാൻ ഡോക്ടർക്ക് കഴിയും. ഒരിക്കൽ നൽകിയ സമ്മതപത്രം, പിന്നീട് മനസ് മാറി പിൻവലിക്കാനും തടസമില്ല.
ലിവിംഗ് വിൽ നൽകിയ വ്യക്തിയുടെ ബന്ധുക്കളിൽ ചിലർക്ക് അതിന് വിരുദ്ധമായ അഭിപ്രായമുണ്ടായാലും നിയമപരമായി ലിവിംഗ് വില്ലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കായിരിക്കും മുൻഗണന. ജീവിതത്തിൽ എപ്പോഴും സംഭവിക്കാവുന്ന മരണം സ്വയം കഷ്ടപ്പെട്ടും വേണ്ടപ്പെട്ടവരെയെല്ലാം കഷ്ടപ്പെടുത്തിയും ആവരുതെന്ന ആഗ്രഹമുള്ളവർക്കാണ് ലിവിംഗ് വിൽ ഉപകാരപ്രദമാകുക. ഏറ്റവും നിർണായക ഘട്ടത്തിൽ സ്വന്തം ഇഷ്ടം നടപ്പാക്കാനുള്ള സമ്മതപത്രമാണ് ലിവിംഗ് വിൽ എന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അഡിഷണൽ പ്രൊഫസറും മാതൃകാ പാലിയേറ്റീവ് കെയർ ഡിവിഷൻ നോഡൽ ഓഫീസറുമായ ഡോ. ഐ.പി യാദവ് പറഞ്ഞു. സി.പി.ആർ, വെന്റിലേറ്റർ, ഐ.സി.യു സംവിധാനങ്ങൾ എപ്പോൾ ഉപയോഗിക്കണമെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ, സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ലിവിംഗ് വിൽ' ഇൻഫർമേഷൻ സെന്ററിൽ നിന്ന് വിശദവിവരങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാകും. 'ലിവിംഗ് വിൽ' സമ്മതപത്രം നൽകാനുള്ള പ്രത്യേക ഫോറവും ഇവിടെ ലഭിക്കും. ഫോൺ: 80757 45498