railway

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിലും ലക്ഷങ്ങളുടെ വരുമാനത്തിന്റെ കാര്യത്തിലും വലിയ നേട്ടമാണ് റെയില്‍വേക്ക് കേരളം സമ്മാനിക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണമൊന്നും പലപ്പോഴും സംസ്ഥാനത്തിന് ലഭിക്കാറില്ല. അര്‍ഹതപ്പെട്ട റൂട്ടുകളിലേക്ക് പുതിയ ട്രെയിനുകള്‍ പോലും അനുവദിക്കാന്‍ പലപ്പോഴും കേന്ദ്രം തയ്യാറാകാറില്ല. അതിനിടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കുതിക്കുന്ന പല സ്‌റ്റേഷനുകളിലും ട്രെയിനുകള്‍ക്ക് നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകള്‍ വെട്ടിക്കുറയ്ക്കുകയാണ് റെയില്‍വേ.

50ല്‍ അധികം സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ കൊവിഡിന് ശേഷം വെട്ടിച്ചുരുക്കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ദീര്‍ഘദൂര ട്രെയിനുകളുടേതാണ്. മാത്രവുമല്ല രാത്രി 12 മണിക്കും പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയിലുള്ള സമയങ്ങളിലാണ് ഈ ട്രെയിനുകള്‍ കടന്ന് പോകുന്നതും. 20 ലക്ഷത്തിനടുത്ത് പ്രതിവര്‍ഷം യാത്രക്കാരുള്ള കാഞ്ഞങ്ങാട്, 25 ലക്ഷത്തോളം യാത്രക്കാരുള്ള പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് ഇപ്പോള്‍ സ്‌റ്റോപ്പില്ല.

കണ്ണൂരിലെ പഴയങ്ങാടി, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, മലപ്പുറം കുറ്റിപ്പുറം സ്റ്റേഷനുകളിലും നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ല. യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ എണ്ണത്തിലെ കുറവാണ് ഈ നടപടിക്ക് കാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. സ്റ്റോപ്പ് എടുത്തുകളഞ്ഞവയെ നിലനിര്‍ത്താന്‍ ട്രെയിൻ നിര്‍ത്തല്‍ നയം അനുസരിച്ച് സാധ്യമല്ല. എക്സ്പ്രസ്, മെയില്‍ വണ്ടികള്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ ആ വണ്ടിക്ക് 16,672 രൂപ - 22,442 രൂപ വരുമാനം കിട്ടേണ്ടതുണ്ട്.

കേരളത്തില്‍ പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോഴും നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഒരു ട്രെയിനിന് കിട്ടുന്ന വരുമാനം നോക്കാതെ സ്‌റ്റേഷന് മൊത്തത്തില്‍ കിട്ടുന്ന വരുമാനം പരിഗണിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.