
കാലാവസ്ഥാ മാറ്റവും അന്തരീക്ഷത്തിലുള്ള പൊടിയും മുടി വളർച്ചയെ സാരമായി ബാധിക്കുന്നു. ഒപ്പം മുടി പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു. എപ്പോഴും മുടിയും ശിരോചർമവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. പലരും കെമിക്കൽ ട്രീറ്റ്‌മെന്റുകളാണ് പരിഹാരമായി ചെയ്യുന്നതെങ്കിലും ഇത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
എന്നാൽ, ഇതിനെല്ലാമുള്ള പരിഹാരം നിങ്ങളുടെ വീടുകളിൽ തന്നെയുണ്ട്. മുടി വളർച്ച വർദ്ധിപ്പിക്കാൻ മാത്രമല്ല, പണച്ചെലവ് കുറയ്‌ക്കാനും നാച്വറൽ വിദ്യകൾ നിങ്ങളെ സഹായിക്കും. ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ഹെയർ പാക്ക് പുരട്ടിക്കൊടുക്കുക. ഇത് മുടി വളർച്ച വളരെ വേഗത്തിലാക്കാൻ സഹായിക്കും. ഈ ഹെയർപാക്ക് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഉപ്പിടാത്ത കഞ്ഞിവെള്ളം - 1 ഗ്ലാസ്
ഉലുവ - 2 ടേബിൾസ്‌പൂൺ
ചെറിയ ഉള്ളി - 10 എണ്ണം
തയ്യാറാക്കുന്ന വിധം
കഞ്ഞിവെള്ളത്തിലേക്ക് ഉലുവ ചേത്ത് ഒരു ദിവസം മുഴുവൻ കുതിർക്കാൻ വയ്‌ക്കുക. പിറ്റേന്ന് കുതിർന്ന ഉലുവയിലേക്ക് ഉള്ളി അരിഞ്ഞിട്ട് അരച്ചെടുക്കുക. ഇതിനെ ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക.
ഉപയോഗിക്കേണ്ട വിധം
മുടിയിലേക്ക് എണ്ണ പുരട്ടിക്കൊടുക്കുക. 15 മിനിട്ടിന് ശേഷം നേരത്തേ തയ്യാറാക്കിവച്ച പാക്ക് പുരട്ടാവുന്നതാണ്. ശിരോചർമത്തിലും മുടിയിലും മുഴുവൻ പുരട്ടണം. 15 മുതൽ 30 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്.