
പയ്യാമ്പലം ബീച്ചിൽനിന്നും ഏറെ അടുത്താണ് മാത്യു അങ്കിളിന്റെ വീട്, നേവിയിൽ നിന്നും പെൻഷൻ പറ്റിയ അങ്കിളിന്റെ രണ്ടു മക്കളും വിദേശത്താണ്, നിലവിൽ അങ്കിളും ഭാര്യയും മാത്രമാണ് വീട്ടിൽ ഉള്ളത്. സൈറ്റ് സന്ദർശനവും ആയി കണ്ണൂർ ഭാഗങ്ങളിൽ ചുറ്റിത്തിരിയുമ്പോൾ ഞാൻ മിക്കവാറും താമസിക്കാറുള്ളത് അങ്കിളിന്റെ വീട്ടിലാണ്, ഇനി അഥവാ അങ്കിളിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ബീച്ചിനടുത്തുതന്നെയുള്ള ബാങ്കിൽ നിന്ന് വി ആർ എസ് എടുത്ത് വിശ്രമ ജീവിതം നയിക്കുന്ന സതീശേട്ടന്റെ വീട്ടിൽ താമസിക്കും.
എന്നാൽ ഈ പറയുന്ന മാത്യു അങ്കിളോ സതീഷേട്ടനോ എന്റെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഒന്നുമല്ല. ഹോം സ്റ്റേ നടത്തുന്നവരാണ്. മക്കളും, പേരമക്കളും ഒക്കെയായി ഒരുമിച്ചു താമസിക്കാം എന്ന പദ്ധതിയിൽ ഇവരെല്ലാം വലിയ വീട് വച്ചു. അത് അപ്രായോഗികമാണ് എന്ന് കാലം തെളിയിച്ചപ്പോൾ അവരെല്ലാം അതിന്റെ പുതു സാദ്ധ്യതകൾ തേടി, വീടിന്റെ ഒരു ഭാഗം ഹോം സ്റ്റേ ആയി പരിവർത്തനപ്പെടുത്തി, അതുവഴി വരുമാനം നേടുന്നു, റിട്ടയർമെന്റ് നാളുകളിലെ വിരസത ഒഴിവാക്കുന്നു. ഒരു വെടിക്ക് രണ്ടു പക്ഷി.
കേരളത്തിൽ വീട് പണിയുന്ന ഒരു ശരാശരി മലയാളി നേരിടുന്ന വലിയൊരു ചോദ്യമാണ് എത്ര കിടപ്പുമുറികൾ വേണം എന്നുള്ളത്. രണ്ട് ..? മൂന്ന്..? നാല് ..? രണ്ട് കിടപ്പുമുറികൾ ഉള്ള വീടുകൾ വേണ്ടുന്നവർ പൊതുവെ കുറവാണ്, മൂന്നിനും നാലിനും ആണ് കൂടുതൽ ആവശ്യക്കാർ. അപ്പോൾ മൂന്നെണ്ണം വേണമോ, അതോ നാലെണ്ണം വേണമോ എന്നതിലാണ് ആശയക്കുഴപ്പം. ഇനിയങ്ങോട്ട് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധിച്ചു കേൾക്കണം.
നമ്മുടെ വീടുകളിലെ എല്ലാ കിടപ്പുമുറികളും എല്ലാ കാലത്തും എല്ലാവരും ഉപയോഗിക്കുന്നില്ല. മിനിമം ഏതാണ്ടൊരു അഞ്ചാറു വയസ്സുവരെയെങ്കിലും കുട്ടികൾ ഉറങ്ങുന്നത് മാതാപിതാക്കൾക്കൊപ്പം ആയിരിക്കും. ഏതാണ്ടൊരു പ്ലസ് ടൂ കാലഘട്ടത്തോടെയോ, ബിരുദപഠനത്തിന്റെ കാലഘട്ടത്തോടെയോ കുട്ടികൾ കോളേജ് ഹോസ്റ്റലുകളിലേക്കോ, ഇപ്പോൾ വിദേശത്തേക്കോ ചേക്കേറുന്നു. തദ്ദേശീയമായി പഠനം പൂർത്തീകരിക്കുന്ന കുട്ടികൾ ജോലി സംബന്ധമായി താമസം മാറുമ്പോൾ വിദേശത്തു പഠിക്കുന്ന കുട്ടികൾ അവിടെത്തന്നെ ജോലി നേടുന്നു. പിന്നെ ഇവരെല്ലാം നാട്ടിലേക്ക് വരുന്നത് ആണ്ടിൽ ശരാശരി ഒരു മാസത്തിൽ താഴെയാണ്. അവിടെത്തന്നെ, മക്കൾ എല്ലാവരും കൂടി ഒരുമിച്ചു വരുന്നതും വിരളമാണ്. വല്ല വിവാഹം പോലെയോ, മരണം പോലെയോ ഉള്ള വിശേഷാവസരങ്ങളിൽ ആണ് ഇവരെല്ലാം പിന്നീട് ഒന്നോ ഏറിയാൽ രണ്ടോ ആഴ്ച ഒത്തുകൂടുന്നത്.
അതുപോലെയാണ് പ്രായമായ മാതാപിതാക്കൾ. കാലത്തിന്റെ വിളിക്ക് അവരും ഉത്തരം നൽകിയേ പറ്റൂ. ഈ സത്യം നമ്മൾ ഉൾകൊണ്ടേ പറ്റൂ. അതിനനുസരിച്ചാവണം നമ്മുടെ വീടുകളുടെ ഘടന, പ്ലാനിങ്. ഈ പ്രശ്നത്തെയാണ് വളരെ ബുദ്ധിപൂർവം മാത്യു അങ്കിളും, സതീശേട്ടനും ഒക്കെ തരണം ചെയ്തത്, ഉപയോഗപ്പെടുത്തിയത്. വീടിന്റെ ഒന്നാം നിലയിലെ രണ്ട് റൂമുകളെയാണ് ഈ രണ്ടുപേരും ഹോം സ്റ്റേകൾ ആയി മാറ്റിയെടുത്തത്, അതുവഴി ക്രിയാത്മകമാവുന്നത്, വരുമാനം നേടുന്നത്. മക്കളോ, ബന്ധുക്കളോ വരുന്ന ദിവസങ്ങളിൽ അവർ അതിഥികളെ സ്വീകരിക്കില്ല, പ്രശ്നം സോൾവ്ഡ്.
നാല് ബെഡ് റൂമുകൾ നിർമ്മിക്കുന്ന മിക്ക ആളുകളോടും ഞാൻ ചർച്ച ചെയ്യാറുള്ള ഒരു സാധ്യതയാണിത്, ഒട്ടേറെ പേർ ഈ രീതിയിൽ ഡിസൈൻ പുനഃ ക്രമീകരിച്ചിട്ടും ഉണ്ട്. തീർത്ഥാടന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് സ്പോട്ടുകൾ എന്നിവിടങ്ങളോടനുബന്ധിച്ച സ്ഥലങ്ങളിൽ ഇതിനുള്ള സാധ്യത ഏറെയാണ്. ദിവസാടിസ്ഥാനത്തിൽ ഉള്ള അതിഥികൾ ആണ് ഇത്തരം ഇടങ്ങളിൽ കൂടുതലായി എത്തുന്നത്. എന്നാൽ ഗ്രാമങ്ങളിൽ മാസ വാടകക്കാർക്കാണ് സാധ്യത. തൊട്ടടുത്ത പട്ടണങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ ഒറ്റക്കോ, കുടുംബമായോ ഇത്തരം താമസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും.
എന്നാൽ നമ്മുടെ സ്വച്ഛമായ ഗ്രാമങ്ങളിൽ പോലും യൂറോപ്പിൽ നിന്നൊക്കെയുള്ള ഓൺലൈൻ ആയി ജോലി ചെയ്യുന്ന ആളുകൾ മാസങ്ങളോളം വന്നു താമസിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം. ആ സാധ്യതയെ ഉപയോഗപ്പെടുത്തണം. ഇനി, ഇത്തരം അതിഥികൾക്കുള്ള ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യും എന്നായിരിക്കും അടുത്ത ടെൻഷൻ. കുറച്ചുകാലം മുൻപുവരെ ഇതൊരു തലവേദന ആയിരുന്നു.
എന്നാൽ " സൊമാറ്റോ " പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റുഫോമുകൾ വ്യാപകമാവുകയും, ചെറു ഹോട്ടലുകൾ പോലും വീടുകളിൽ ഭക്ഷണം എത്തിച്ചു തരുകയും ചെയ്യുന്ന രീതി വ്യാപകമായതോടെ കേരളത്തിൽ തെങ്ങിന്റെ മണ്ടയിൽ വരെ സുഭിക്ഷമായ ഭക്ഷണം കിട്ടുന്നുണ്ട്. എന്നാൽ എന്താണ് ഇത്തരം ഒരു രീതി അവലംബിക്കാൻ നമ്മുടെ വീടുകളുടെ പ്ലാനിങ്ങിൽ നാം വരുത്തേണ്ട മാറ്റങ്ങൾ എന്ന് ചോദിച്ചാൽ ചെറിയ ചില കാര്യങ്ങൾ ഉണ്ട്. ഹോം സ്റ്റേകൾ നടത്തുമ്പോൾ മുറികൾക്കും ടോയ്‌ലെറ്റുകൾക്കും ഉണ്ടായിരിക്കേണ്ടുന്ന ചില നിബന്ധനകൾ സർക്കാർ അനുശാസിക്കുന്നുണ്ട്, അത് നടപ്പാക്കണം. ആ റൂമിൽ വേണ്ടുന്ന വാർഡ്രോബുകളോ, ടീവിയോ, ഒരു മേശയോ, കസേരയോ ഒക്കെ വേണം. മൊത്തത്തിൽ വൃത്തിയുള്ള ഒരു അന്തരീക്ഷവും മാന്യമായ കളർ തീമും വേണം. മാലിന്യം ശേഖരിക്കാനുള്ള വൃത്തിയുള്ള സംവിധാനം ഒരുക്കണം.
മുകളിലേക്കെത്താനുള്ള ഗോവണി അൽപ്പം വിശാലത തോന്നിക്കുന്ന വിധത്തിൽ ഉള്ളതായിരിക്കണം, ഈ ഗോവണി തന്നെ അകത്തുള്ളവർക്കും, അതിഥികൾക്കും ഒരേപോലെ പ്രൈവസിയോടെയും, സുരക്ഷിതത്വത്തോടെയും ഉപയോഗിക്കും വിധം പ്ലാൻ ചെയ്യാം. ഒന്നോ രണ്ടോ കാറുകൾ കയറ്റിയിടാനുള്ള സ്ഥലം കണ്ടെത്തണം. അതിഥികൾക്ക് റൂമിൽനിന്നും പുറത്തിറങ്ങി പത്രം വായിക്കാനോ ചായ തിളപ്പിക്കാനോ ആയി ചെറിയൊരു ഹാൾ ഉണ്ടായാൽ നന്നായി. ഓപ്പൺ ടെറസിൽ രണ്ട് പ്ലാസ്റ്റിക്ക് കസേരയോ, അൽപ്പം ചെടികളോ ഒക്കെ ഉണ്ടായാൽ ഭേഷായി.
അതായത് ഒന്നാലോചിച്ചാൽ കാര്യമായി ഒരു ചെലവും ഇല്ലാതെ നമ്മുടെ ഒക്കെ വലിയൊരു ശതമാനം വീടുകളും ഈ വിധത്തിൽ മാറ്റിയടുക്കാം, അല്ലെങ്കിൽ ഇതൊക്കെ വലിയ തലവേദന ഒന്നും ഇല്ലാതെതന്നെ പണിയാൻ പോകുന്ന വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്താം. അതിനനുസരിച്ചു ജീവിതം പ്ലാൻ ചെയ്യാം.
വീട് എന്നത് മനഃസമാധാനത്തോടെയുള്ള ജീവിതത്തിനു വേണ്ടിയാണ്, അത് സംബന്ധിച്ച ആവശ്യങ്ങൾക്കായിരിക്കണം അതിന്റെ രൂപകൽപ്പനയിൽ മുൻതൂക്കം നല്കപ്പെടേണ്ടത്. അതിൽ നിന്നും മാറി, മറ്റുള്ള ആളുകളെ കാണിക്കാനോ, എന്നെങ്കിലും വന്നു കയറുന്ന ആരുടെയൊക്കെയോ അഭിപ്രായത്തിനു വേണ്ടിയോ ഒക്കെ അത് നിർമ്മിക്കപ്പെടുമ്പോഴാണ് അത് പിൽക്കാലത്ത് ഒരു ബാധ്യതയായി മാറുന്നത്. അതുപോലെ വീട് എന്നത് വ്യക്തിത്വത്തിന്റെ കൈയൊപ്പാണ്, ബാങ്ക് ബാലന്സിന്റെ പ്രദർശനമല്ല.
സ്വന്തം കീശക്കിണങ്ങുന്ന, ഉറപ്പും, സൗകര്യവും, ഭംഗിയും ഉള്ള ചെറു വീടുകൾ സ്വപ്നം കാണുന്ന എല്ലാ കിണാശേരിക്കാർക്കും എന്റെ പുതുവത്സരാശംസകൾ ...