ev

മുംബയ്: ഇനി വരാനിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) കാലമാണ്. ഇന്ത്യക്കാര്‍ക്ക് ഇ.വിയെന്നാല്‍ അത് ടാറ്റ മോട്ടോഴ്‌സ് ആണ്. രാജ്യത്ത് വില്‍പ്പന നടത്തുന്ന ഇ.വി കളില്‍ രണ്ടില്‍ ഒന്ന് ടാറ്റയുടേതാണ്. പൊള്ളുന്ന ഇന്ധന വിലയില്‍ നിന്ന് രക്ഷ തേടി ഇ.വി വാങ്ങിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം. രാജ്യത്ത് തന്നെ ഏറ്റവും അധികം ഇ.വി വില്‍പ്പന നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് കേരളം. ഒന്നാമത് മഹാരാഷ്ട്രയും രണ്ടാമത് കര്‍ണാടകയുമാണ്.

വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത് വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. തങ്ങള്‍ അടുത്തതായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് സമ്മാനിക്കുന്ന വാഹനമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ആന്‍ഡ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി എം.ഡി ശൈലേഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ബാറ്ററി വില കുറയുന്ന സാഹചര്യമാണ് നിലവിലുളളത്. ജനറേഷന്‍ 1 പ്ലാറ്റ്ഫോമില്‍ നിന്ന് ജനറേഷന്‍ 2 പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിനുളള ശ്രമങ്ങളിലാണ് ടാറ്റാ മോട്ടോഴ്‌സ്.

നിലവില്‍ ടാറ്റയുടെ ജനപ്രിയ ഇ.വി മോഡലുകളായ പഞ്ച്, കര്‍വ്, പോലുള്ള വാഹനങ്ങളിലും റേഞ്ച് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പ്രയോഗിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ദൂരെയാത്ര സമയങ്ങളില്‍ റേഞ്ച് സംബന്ധിച്ച ആശങ്ക വേണ്ടതില്ലെന്നാണ് കമ്പനി പറയുന്നത്. ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതും അനുകൂല സാഹചര്യമാണ്.

കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിന് ടാറ്റ പവര്‍ ശ്രമങ്ങള്‍ തുടരുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. ദേശീയ പാതകളില്‍ ഇ.വി ചാര്‍ജ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഇന്ധന ഔട്ട്ലെറ്റുകളാണെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു.