finance

മുംബയ്: രാജ്യത്തെ ജനങ്ങളുടെ കടബാദ്ധ്യത വര്‍ദ്ധിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഓരോ കുടുംബത്തിലേയും കടമെടുക്കുന്നുവരുടെ എണ്ണം ശരാശരി കടത്തേക്കാള്‍ കൂടുതലാണെന്നും സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ആര്‍ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടും വര്‍ദ്ധിക്കുന്നുവെന്ന് നേരത്തെ ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. സാധരക്കാരുടെ മാത്രമല്ല അതിസമ്പന്നരുടേയും കടം കൂടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലെ തിരിച്ചടവ്, ഗാര്‍ഹിക ഉത്പന്നങ്ങള്‍ വാങ്ങിയതിന്റെ ഉള്‍പ്പെടെ തിരിച്ചടവുകള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ആളുകള്‍ വായ്പയെടുക്കുന്നത്. വാഹന വായ്പകള്‍, കൃഷി, ബിസിനസ്, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള വായ്പകള്‍ പോലുള്ള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നവയാണ് മറ്റൊരു വിഭാഗം.

ആസ്തി സൃഷ്ടിക്കുന്നതിന് വേണ്ടി ലോണുകള്‍ പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. ഉയര്‍ന്ന റേറ്റിങ്ങുള്ള വായ്പക്കാര്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയില്‍ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിരതയുള്ളതുകൊണ്ട് തന്നെ വായ്പ തിരിച്ചടവുകള്‍ കൃത്യമാണ്.കൂടുതല്‍ ആസ്തി സ്വന്തമാക്കുന്നതിനാണ് അതിസമ്പന്നരായ വ്യക്തികള്‍ ലോണ്‍തുക കൂടുതലും ഉപയോഗിക്കുന്നത്. അടുത്തിടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അമ്പാനി വായ്പയെടുക്കുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇത് വിദേശ ബാങ്കുകളില്‍ നിന്നാണ്.

ഉപഭോഗത്തിനായി കടമെടുക്കുന്ന ഇടത്തരം കുടുംബങ്ങളുടെ ഗാര്‍ഹിക കടം വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയുടെ ആഭ്യന്തര കടം കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ദ്ധിക്കുന്നുണ്ട്. 2024 ജൂണില്‍ നിലവിലെ വിപണി വിലയനുസരിച്ച് ഗാര്‍ഹിക കടം ജിഡിപിയുടെ 42.9 ശതമാനമാണ്. വളര്‍ന്നുവരുന്ന മറ്റ് സമ്പദ് വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഗാര്‍ഹിക കടം താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.