rupees

വെല്ലുവിളികളെ അവസരമാക്കാൻ ഇന്ത്യ

കൊച്ചി: നേട്ടങ്ങളുടെ 2024 പിന്നിട്ട് ഇന്ത്യൻ സാമ്പത്തിക മേഖല പുതുവർഷത്തിലേക്ക് കരുതലോടെയും പ്രതീക്ഷയോടെയും കടക്കുന്നു. വിപുലമായ അവസരങ്ങൾക്കൊപ്പം നിറയെ വെല്ലുവിളികളുമാണ് 2025ൽ ഇന്ത്യയെ കാത്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷവും ചൈന, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക തളർച്ചയും ഇന്ത്യയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുകയാണ് പുതുവർഷത്തിൽ ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഒക്‌ടോബറിൽ 6.21 ശതമാനത്തിലും നവംബറിൽ 5.5 ശതമാനവുമായി ഉയർന്നതോടെ ഡിസംബറിലെ ധന നയരൂപീകരണത്തിൽ മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ചയും ഇന്ത്യയെ വലയ്ക്കുന്നു. ഇന്നലെ രൂപയുടെ മൂല്യം 85.61 വരെ ഇടിഞ്ഞിരുന്നു. കയറ്റുമതിയിലെ തളർച്ചയും ഇറക്കുമതിയിലെ കുതിപ്പും വ്യാപാര കമ്മി കൂടുന്നതും ഇന്ത്യയ്ക്ക് തലവേദന സൃഷ്‌ടിക്കുന്നു. വ്യാവസായിക ഉത്പാദനത്തിൽ പ്രതീക്ഷിച്ച ഉണർവ് ദൃശ്യമാകാത്തതും വെല്ലുവിളിയാണ്.

ജനുവരിയിൽ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപ് ഇന്ത്യയും ചൈനയും മെക്സികോയും അടക്കമുള്ള രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയും കരുതൽ വർദ്ധിപ്പിക്കുന്നു.

നാണയപ്പെരുപ്പ നിയന്ത്രണം മുഖ്യം

ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും കാര്യക്ഷമമാക്കി നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ് 2025ൽ ഇന്ത്യ ഏറെ ശ്രദ്ധ പതിപ്പിക്കുക. നാണയപ്പെരുപ്പം ഭീഷണിയാണ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിന് റിസർവ് ബാങ്കിന് മുന്നിലുള്ള പ്രധാന തടസം. വിലക്കയറ്റം നിയന്ത്രിച്ചാൽ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കൂടും. പലിശ കുറഞ്ഞാൽ വ്യവസായ നിക്ഷേപം കൂടാനും വിപണിയിൽ ഉണർവ് സൃഷ്‌ടിക്കാനും സഹായിക്കും.

വളർച്ചാ ലക്ഷ്യം ഏഴ് ശതമാനം

നടപ്പുസാമ്പത്തിക വർഷം ജി.ഡി.പി വളർച്ച ഏഴ് ശതമാനത്തിനടുത്തേക്ക് ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. ജൂലായ്-സെപ്തംബർ കാലയളവിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 5.4 ശതമാനമായി താഴ്ന്നതാണ് ആശങ്ക ഉയർത്തുന്നത്. ഉത്സവ കാലയളവിലെ വിപണിയിലെ ഉണർവ് ഒക്ടോബർ-ഡിസംബർ കാലയളവിൽ വളർച്ച മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വർഷം 6.5 ശതമാനം വളർച്ച നേടാനാകുമെന്ന് വിലയിരുത്തുന്നു. ഏപ്രിൽ മുതൽ സാമ്പത്തിക രംഗം ശക്തിയാർജിക്കുമെന്നും പ്രതീക്ഷിക്കുന്നു.

രൂപയുടെ മൂല്യത്തകർച്ച ചെറുക്കാൻ നടപടികൾ

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ച രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. ഇറക്കുമതി ചെലവ് കൂടുന്നതിനാൽ വിലക്കയറ്റ ഭീഷണി ശക്തമാകാൻ ഇത് കാരണമാകും. കഴിഞ്ഞ മാസങ്ങളിൽ രൂപയ്ക്ക് പിന്തുണയേകാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടുവെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. രൂപയുടെ മൂല്യം സ്ഥിരതയിലാകണമെന്നാണ് കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രൂപയുടെ മൂല്യത്തിൽ മൂന്ന് ശതമാനം ഇടിവുണ്ടായി.

കരുത്തോടെ മുന്നേറാൻ ഓഹരികൾ

രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ കരുത്തിൽ മുന്നേറാനാണ് ഓഹരി വിപണി ഒരുങ്ങുന്നത്. സാമ്പത്തിക മേഖലയിലെ അടിസ്ഥാന ഘടകങ്ങൾ മെച്ചപ്പെട്ടാൽ തളർച്ചയിലായ ഓഹരി സൂചികകൾ ശക്തമായി തിരിച്ചുകയറുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ആഗോള മേഖലയിലെ ചലനങ്ങൾ കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നതാണ് പ്രധാന വെല്ലുവിളി. അമേരിക്കയിൽ പലിശ കുറയുന്ന സാഹചര്യമുണ്ടായാൽ ഉയർന്ന വരുമാനം തേടി പുതുവർഷത്തിൽ വിദേശ നിക്ഷേപകർ മടങ്ങിയെത്തിയേക്കും.

ഫെബ്രുവരിയിൽ വായ്പ പലിശ കുറച്ചേക്കും

നാണയപ്പെരുപ്പം താഴുന്നതിന്റെ സൂചനകൾ ദൃശ്യമാകുന്നതിനാൽ ഫെബ്രുവരിയിൽ നടക്കുന്ന ധന നയ രൂപീകരണ യോഗത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കും. ഉയർന്ന പലിശ നിരക്ക് ഉപഭോഗത്തെ ബാധിക്കുന്നതാണ് ഇന്ത്യയുടെ വളർച്ച നിരക്ക് കുറച്ചതെന്നതാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പുതുതായി ചുമതലയേറ്റ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ആദ്യ ധന നയ യോഗമാണ് ഫെബ്രുവരിയിൽ നടക്കുന്നത്.