
വാഷിംഗ്ടൺ: ചൈനീസ് ഹാക്കർ ട്രഷറി ഡിപ്പാർട്ടമെന്റിന്റെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തെന്ന ആരോപണവുമായി യു.എസ്. ഡിസംബർ എട്ടിനായിരുന്നു ഹാക്കിംഗ് നടന്നത്. ചൈനീസ് ഭരണകൂടം സ്പോൺസർ ചെയ്ത ഹാക്കറാണെന്നാണ് യു.എസ് പറയുന്നത്. പ്രധാന രേഖകൾ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ രഹസ്യസ്വഭാവമില്ലാത്തതും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളതുമായ (അൺക്ലാസിഫൈഡ്) രേഖകളാണ് ഹാക്കർമാർക്കു ലഭിച്ചതെന്നും അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം യുഎസിലെ ഏറ്റവും വലിയ 3 ടെലികമ്യൂണിക്കേഷൻ കമ്പനികളിലേക്കും കടന്നുകയറാൻ ചൈനീസ് ഹാക്കർമാർ ശ്രമം നടത്തിയിരുന്നു. അതേസമയം അരോപണം നിഷേധിച്ച് ചൈന രംഗത്തെത്തി. തിളിവുകളില്ലാതെ കഥ ചമയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. ചൈനയ്ക്കെതിരെ മുൻപും നിരവധി തവണ ഹാക്കിംഗ് ആരോപണം യു.എസ് ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ ട്രഷറി ഡിപ്പാർട്ട്മെന്റിലെ ഹാക്കിംഗ് പുറത്തുവന്നതോടെ യു.എസ് ആരോപണം കടുപ്പിക്കുകയാണ്. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ), യു.എസ് സൈബർ സെക്യൂരിറ്റി, ഇൻഫ്രാസ്ട്രക്ചർ സെക്യുരിറ്റി ഏജൻസി അടക്കമുള്ളവ അന്വേഷണം തുടങ്ങിയതായി ട്രഷറി ഡിപാർട്ട്മെന്‍റ് അറിയിച്ചു.