shobana

മലയാളികളുടെ മനസിൽ എന്നും ഒരു പ്രത്യേക സ്ഥാനമുള്ള നടിയാണ് ശോഭന. 80 - 90 കാലഘട്ടത്തിൽ വളരെ ശ്രദ്ധേയമായ നിരവധി മികച്ച കഥാപാത്രങ്ങൾ ശോഭന ചെയ്തിട്ടുണ്ട്. മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമ മാത്രംമതി എന്നും ശോഭന എന്ന പ്രതിഭയെ ഓർക്കാൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ ഈ ചിത്രം ശോഭനയ്ക്ക് സമ്മാനിച്ചു. നായിക മാത്രമല്ല ഒരു ന‌ർത്തകി എന്ന നിലയിലും താരം മലയാളികൾക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം വന്നിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നോ പറഞ്ഞ സിനിമകളിൽ ഹിറ്റ് ആയ സിനിമകൾ എന്ന ചോദ്യത്തിനായിരുന്നു ശോഭന മറുപടി നൽകിയത്.

'തമിഴിലെ 'കരഗാട്ടക്കാരൻ' എന്ന സിനിമ വന്നിരുന്നു പക്ഷേ അത് ചെയ്യാൻ കഴിഞ്ഞില്ല. അതുപോലെ മോഹൻലാൽ ചിത്രം ദൃശ്യവും എനിക്ക് വന്ന സിനിമയാണ്. സ്ക്രിപ്റ്റ് വരെ അയച്ചിരുന്നു. പക്ഷേ ഞാൻ ചെയ്തില്ല. കാരണം ആ സമയത്ത് ഞാൻ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു. അതാണ് ദൃശ്യത്തിൽ അഭിനയിക്കാൻ കഴിയാത്തത്',- നടി വ്യക്തമാക്കി. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് മാത്രമാണ് കണ്ടതെന്നും ആ കാലത്തിന് പറ്റുന്ന രീതിയിൽ വളരെ ഭംഗിയായി റീമേക്ക് ചെയ്തെന്നും ശോഭന വ്യക്തമാക്കി. പ്രിയദർശന് തെറ്റ് പറ്റില്ലല്ലോയെന്നും നടി പറഞ്ഞു.