pix

ശിവഗിരി: ഇടതടവില്ലാതെ നടക്കുന്ന തീർത്ഥാടന സമ്മേളനങ്ങളിൽ വെളിച്ചവും ശബ്ദവും മുടങ്ങാതെ നോക്കി, മഹാതീർത്ഥാടനത്തിന്റെ വിജയത്തിൽ ഭക്തിപൂർവ്വം ഭാഗഭാക്കാകുകയാണ് ലൈറ്റ് ആൻഡ് സൗണ്ട്സ് സബ് കമ്മിറ്റിയിലെ അഞ്ചംഗങ്ങൾ. മഹാസമാധിയിലും വേദിയിലും മാത്രമല്ല, തീർത്ഥാടകർക്ക് താമസ സൗകര്യം ഒരുക്കുന്ന ശിവഗിരിക്ക് ചുറ്റുമുള്ള പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടതടവില്ലാതെ വെളിച്ചമെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം പതിനേഴ് വർഷമായി ഈ കമ്മിറ്റിയാണ് ഏറ്റെടുക്കുന്നത്. കെ.എസ്.ഇ.ബിയിൽ മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.മണിരാജൻ ചെയർമാനായ അഞ്ചംഗ കമ്മിറ്റിയിൽ കെ.എസ്.ഇ.ബി, പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ, വിഭാഗത്തിലെ ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. ജോലിയിൽ നിന്നും ലീവെടുത്താണ് ഇവർ ദിവസങ്ങൾക്ക് മുൻപേ തീർത്ഥാടന വിജയത്തിനായി പ്രവർത്തിക്കുന്നത്. 750 കിലോവാട്ട്സ് വൈദ്യുതിയാണ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. 35,000 വാട്ട്സിന്റെ സൗണ്ട് സിസ്റ്റവുമുണ്ട്. കൂടാതെ ഇലുമിനേഷൻ വേറെയും. ടെൻഡർ വിളിച്ചാണ് സൗണ്ട്സ് സിസ്റ്റം പ്രവൃത്തിപ്പിക്കാനുള്ള ചുമതല ഏൽപ്പിക്കുന്നത്. എന്നാൽ അതിനുശേഷം ഓരോദിവസവും ഇവർക്കൊപ്പം സജീവമായി എല്ലാദിവസവും ഈ അഞ്ചുപേരും ഉണ്ടാകും. പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ അസി.എക്സിക്യൂട്ടീവ് എൻജിനിയർ വിശ്വംഭരനും ഇലക്ട്രോണിക്‌സ് അസിസ്റ്റന്റ് എക്സി.എൻജിനിയർ റോയ് എന്നിവരാണ് കമ്മിറ്റിയിലെ വൈസ് ചെയർമാൻമാർ. പി.ഡബ്ലിയു.ഡി മുൻ ഓവർസിയർ സുദർശനൻ,ഇലക്ട്രിക്കൽ വർക്കറും മിൽമ ഡയറി ടെക്‌നീഷ്യനുമായ അജയകുമാർ കരുനാഗപ്പള്ളി എന്നിവർ കൺവീനർമാരാണ്.വർക്കല പ്രിൻസ് സൗണ്ട്സാണ് ഇക്കുറി ശബ്ദവും വെളിച്ചവും എത്തിക്കുന്നത്.